26.8 C
Kottayam
Monday, April 29, 2024

ഹമാസിനെതിരെ ഇസ്രായേലിൻ്റെ വജ്രായുധം,അയണ്‍ ഡോമിൻ്റെ വിശേഷങ്ങൾ

Must read

ടെൽ അവീവ്: മലയാളി യുവതി സൗമ്യ ഉൾപ്പെടെ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തോടെ സമീപകാല ലോകചരിത്രത്തിൽ ഏറ്റവുമധികം രക്തച്ചൊരിച്ചിലുകൾക്ക് ഇടയാക്കിയിട്ടുള്ള പലസ്തീൻ-ഇസ്രയേൽ സംഘർഷം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഒരാഴ്ചയോളമായി തുടരുന്ന രൂക്ഷമായ പോരാട്ടങ്ങൾ യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുന്നു.ഇരു രാജ്യങ്ങൾക്കുമിടയിൽ കല്ലേറുകളും നേരിട്ടുള്ള ചില ഏറ്റുമുട്ടലുകളുമായി തുടങ്ങിയ സംഘർഷം ഇപ്പോൾ ആകാശയുദ്ധമായി പരിണമിച്ചിരിക്കുന്നു.

ഇതുവരെ ഇരുപക്ഷത്തുമായി 17 കുട്ടികൾ അടക്കം 83 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണങ്ങളെല്ലാം വ്യോമാക്രമണം മൂലമാണ്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ആയിരത്തോളം റോക്കറ്റുകൾ പലസ്തീനിൽനിന്ന് തൊടുക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതുപോലെതന്നെ തിരിച്ചും ശക്തമായ വ്യോമാക്രമണം നടക്കുന്നു. അതിർത്തിയോടുചേർന്ന ഇസ്രയേൽ-പലസ്തീൻ നഗരങ്ങളിൽ ഭീതിയോടെയാണ് മനുഷ്യർ കഴിയുന്നത്.

ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും മരണത്തിന്റെയും വാർത്തകൾക്കിടയിൽ അടുത്തിടെ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന ഒരു വാക്കാണ് ‘അയൺ ഡോം’. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ ചെറുക്കുന്നതിന് ഇസ്രയേലിന്റെ പക്കലുള്ള ഏറ്റവും കരുത്തുള്ള പ്രതിരോധമെന്നാണ് അയൺ ഡോം പ്രകീർത്തിക്കപ്പെടുന്നത്. എന്താണ് അയൺ ഡോം? ഹമാസിനെ ചെറുക്കാൻ അയൺ ഡോമിന് എങ്ങനെയാണ് കഴിയുന്നത്? അയൺ ഡോമിനേക്കുറിച്ചുള്ള അത്ഭുത കഥകളിലെ വസ്തുതകൾ എന്തൊക്കെയാണ്?.

ശത്രു നടത്തുന്ന വ്യോമമാർഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകർക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനമാണ് അയൺ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈൽ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകർക്കുകയാണ് അയൺ ഡോം ചെയ്യുന്നത്. റോക്കറ്റുകൾ, മോർട്ടാറുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകർക്കാൻ അയൺ ഡോമിന് കഴിയും.

മൂന്ന് യൂണിറ്റുകളാണ് ഒരു അയൺ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാർ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം (ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺ കൺട്രോൾ സിസ്റ്റം- ബിഎംസി), മിസൈലുകൾ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകൾ എന്നിവയടങ്ങുന്നതാണ് അയൺ ഡോമിന്റെ ഒരു ‘ബാറ്ററി’. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകൾ തയ്യാറായിരിക്കും. നാലു മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് ഇതിൽ ഉപയോഗിക്കുന്ന ‘താമിർ’ മിസൈലുകൾ.

മേൽപറഞ്ഞ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. മറ്റു റോക്കറ്റ് ലോഞ്ചർ ബാറ്ററികളുമായി അയൺ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയർലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചുതരശ്ര കിലോമീറ്റർ പരിധിയിൽ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയൺ ഡോമിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകും. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും ഇത് കഴിയും. ഒരു റോക്കറ്റിനെ തകർക്കുന്നതിനുള്ള ഓരോ മിസൈൽ വിക്ഷേപണത്തിനും ഏകദേശം അമ്പതിനായിരം ഡോളറാണ് ചെലവ് വരിക.

റഡാർ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിർണയിക്കുകയും ചെയ്താൽ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈൽ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപുതന്നെ ആകാശത്തുവെച്ച് അത് തകർക്കപ്പെടും. ചിലപ്പോൾ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളിൽ വെച്ചുതന്നെ ആയിരിക്കും.

യഥാർഥത്തിൽ 2006-ൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന യുദ്ധത്തെ തുടർന്നാണ് ഇസ്രയേൽ ഇത്തരമൊരു വ്യോമപ്രതിരോധ മാർഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ യുദ്ധത്തിൽ ലബനൻ തൊടുത്തിവിട്ട ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രയേലിൽ മാരകാക്രമണമാണ് നടത്തിയത്. തൊട്ടടുത്ത വർഷംതന്നെ തങ്ങളുടെ നഗരങ്ങൾക്കു നേരെയുള്ള വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് പുതിയൊരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു.

ഇസ്രയേലിന്റെ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ആണ് അയൺ ഡോം വികസിപ്പിച്ചത്. അയൺ ഡോം ഗവേഷണ വിഭാഗത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായമുണ്ട്. 2016ൽ അഞ്ച് ബില്യൺ ഡോളർ അമേരിക്ക ഇതിനായി ചെലവിട്ടു എന്നാണ് റിപ്പോർട്ട്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ഇടപാടകളിൽ സുപ്രധാനമാണ് അയൺ ഡോമിന്റെ ഗവേഷണവും നിർമാണവും. 2019 ആഗസ്തിൽ റഫാലിൽനിന്ന് രണ്ട് അയൺ ഡോൺ ബാറ്ററികൾ വാങ്ങുന്നതിന് അമേരിക്ക കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

അയൺ ഡോമിന്റെ ആദ്യ ‘ബാറ്ററി’ 2011ൽ ഹമാസിന്റെ ഇസ്രയേിലിലെ പതിവ് ആക്രമണസ്ഥാനമായ ഗാസയിൽനിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബീർഷേവ നഗരത്തിൽ സ്ഥാപിച്ചു. പിന്നീട് വിവിധ കാലങ്ങളിലായി പത്ത് ബാറ്ററികൾ ഇസ്രയേൽ പല നഗരങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചു. നിരന്തര സംഘർഷ മേഖലയായ ഇസ്രയേലിന് അതിന്റെ അതിർത്തികളിൽ സംരക്ഷണം ഒരുക്കുന്നതിന് അയൺ ഡോമിന്റെ 13 ബാറ്ററികൾ ആവശ്യമുണ്ടെന്ന് സൈനിക വിദഗ്ധർ പറയുന്നു.

അയൺ ഡോമിന് 90 ശതമാനം വിജയനിരക്കാണ് നിർമാതാക്കളായ റഫാൽ അവകാശപ്പെടുന്നത്. എന്നാൽ 80 ശതമാനത്തിന് മേൽ കൃത്യതയാണ് വിദഗ്ധർ പറയുന്നത്. അയൺ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം കഴിഞ്ഞ വർഷങ്ങളിൽ 2,400ൽ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ച് തകർക്കാൻ കഴിഞ്ഞിട്ടുള്ളതായി ഇസ്രയേൽ മിസ്സൈൽ ഡിഫെൻസ് ഓർഗനൈസേഷൻ അവകാശപ്പെടുന്നു. ഇതിലൂടെ നൂറുകണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിച്ചതായും അവർ പറയുന്നു.

ഇത്തവണ ഹമാസ് പ്രയോഗിച്ച 480 റോക്കറ്റുകളിൽ ഇരുന്നൂറിലധികം എണ്ണത്തെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ തങ്ങളുടെ അയൺ ഡോമിന് സാധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഗാസയിൽനിന്ന് ഇസ്രയേൽ അതിർത്തിക്കുള്ളിലേക്ക് പ്രയോഗിച്ച 150 റോക്കറ്റുകളെ ഗാസയുടെ പരിധിയിൽ വെച്ചുതന്നെ തകർക്കാൻ സാധിച്ചതായും ഇസ്രയേൽ അധികൃതർ പറയുന്നു. എന്നാൽ ഇതുവരെയുള്ള ഏറ്റമുട്ടൽ കൊണ്ടുതന്നെ അയൺ ഡോമിന്റെ കാര്യക്ഷമത ചോദ്യംചെയ്യപ്പെട്ടു തുടങ്ങി എന്നതാണ് സത്യം.

ഇക്കാലവരെയുള്ള അനുഭവം വെച്ച് ഇസ്രയേൽ 90 ശതമാനംവരെ കൃത്യതയാണ് അയൺ ഡോമിന് അവകാശപ്പെടുന്നതെങ്കിലും ഈ സംവിധാനത്തിന്റെ പല ദൗർബല്യങ്ങളും ഇപ്പോൾ വെളിപ്പെടുകയാണ്. ഹമാസ് വർഷിക്കുന്ന നൂറുകണക്കിന് റോക്കറ്റുകളെ ഭാഗികമായി പ്രതിരോധിക്കാൻ മാത്രമേ അയൺ ഡോമിന് സാധിക്കുന്നുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഹമാസിന്റെ കൈവശം 1.5 ലക്ഷത്തിലധികം റോക്കറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പലതും അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ്. പ്രതിദിനം ആയിരത്തിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ തക്കവിധമാണ് ഹമാസിന്റെ ആയുധശേഷിയെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിനുള്ള റോക്കറ്റുകളുടെ സംഭരണ ശേഷിയും അവ തൊടുത്തുവിടുന്നതിനുള്ള സംവിധാനവും വളരെയധികം ഇരട്ടിച്ചിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.

2014ൽ നടന്ന ഗാസ യുദ്ധത്തിൽ ഹമാസ് 50 ദിവസത്തിനിടെ ആകെ തൊടുത്തുവിട്ടത് നാലായിരത്തിലധികം റോക്കറ്റകളാണ്. ഒരു ദിവസം പത്തിലധികം റോക്കറ്റുകൾ മാത്രമാണ് ഹമാസ് അന്ന് പ്രയോഗിച്ചത്. ഗാസ യുദ്ധത്തിൽ അവർ ഒരുദിവസം പ്രയോഗിച്ച റോക്കറ്റുകളുടെ പരമാവധി എണ്ണം 200 ആയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോൾ മിനിറ്റിൽ നൂറിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്ക് വർഷിക്കപ്പെടുന്നത്. ഇസ്രയേലിന്റെ അയൺ ഡോമിനെ മറികടക്കുന്നതിനാണ് ഹമാസിന്റെ ശ്രമം എന്നുതന്നെയാണ് ഇത് കാണിക്കുന്നത്. ആ ശ്രമം വിജയിക്കുന്നുണ്ടെന്നുതന്നെയാണ് ഗാസയിലും മറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത നാശനഷ്ടങ്ങൾ വ്യക്തമാക്കുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week