ഭുവനേശ്വർ: ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ് ചരിത്രം രചിച്ചു. ബരാബതി – കട്ടക്ക് മണ്ഡലത്തിൽ നിന്നാണ് 32 കാരിയായ ഫിർദൗസ് കൈപ്പത്തി ചിഹനത്തിൽ വിജയിച്ചു കയറിയത്. 8,001 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോഫിയ ഫിർദൗസിൻ്റെ വിജയം.
ബിജു ജനതാദൾ (ബിജെഡി) സ്ഥാനാർഥി പ്രകാശ് ചന്ദ്ര ബെഹ്റ മൂന്നാം സ്ഥാനത്തേക്ക് വീണ തെരഞ്ഞെടുപ്പിൽ സോഫിയ ഫിർദൗസിൻ്റെ കുതിപ്പാണ് കണ്ടത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്നതിന് മുൻപ് ബാരാബതി – കട്ടക്ക് സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് മൊക്വിമിൻ്റെ മകളാണ് സോഫിയ ഫിർദൗസ്. ഇതേത്തുടർന്നാണ് ഫിർദൗസിനെ ഇത്തവണ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയുടെ കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ് സോഫിയ ഫിർദൗസ്. 2022ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്ന് (IIM-B) എക്സിക്യൂട്ടീവ് ജനറൽ മാനേജ്മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കി.
പിതാവിൻ്റെ മെട്രോ ബിൽഡേഴ്സ് കമ്പനിയുടെ ഡയറക്ടറായി തുടരുന്നതിനിടെയാണ് സോഫിയ ഫിർദൗസ് രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പ് ഗോദയിലേക്കുമെത്തിയത്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ ഭുവനേശ്വർ യൂണിറ്റുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇരുപത്തിനാലാം വയസ്സിൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് പ്രവേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ഫിർദൗസിനെതിരെ ക്രിമിനൽ കേസുകളൊന്നുമില്ല. ഏകദേശം 5 കോടി രൂപയുടെ ആസ്തിയും 28 ലക്ഷം രൂപ ബാധ്യതയുണ്ട്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൊക്വിം ബിജെഡി സ്ഥാനാർഥി ദേബാശിഷ് സമന്തരായയെ 2,123 വോട്ടുകൾക്ക് ബരാബതി-കട്ടക്ക് സീറ്റിൽ പരാജയപ്പെടുത്തിയിരുന്നു. അഴിമതിക്കേസിൽ 2022 സെപ്റ്റംബറിൽ ഭുവനേശ്വറിലെ പ്രത്യേക വിജിലൻസ് ജഡ്ജി മോക്വിമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്ന് വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു. 2024 ഏപ്രിലിൽ ഒറീസ ഹൈക്കോടതി ശിക്ഷ ശരിവച്ചു.
1937മുതൽ ഒഡീഷയിൽ 141 സ്ത്രീകൾ എംഎൽഎമാരായിട്ടുണ്ടെങ്കിലും ബരാബതി – കട്ടക്ക് സീറ്റിൽ ഒരു മുസ്ലീം വനിതയ്ക്കും സീറ്റ് ലഭിച്ചിരുന്നില്ല. ഒരു മുസ്ലീം സ്ത്രീ എന്ന നിലയിൽ ഞാൻ ചരിത്രം സൃഷ്ടിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. നിയമസഭയിലെ വനിതാ പ്രാതിനിധ്യം ശ്രദ്ധേയമല്ല. 147 എംഎൽഎമാരിൽ ഞങ്ങൾക്ക് ഇത്തവണ 11 വനിതാ അംഗങ്ങൾ മാത്രമേയുള്ളൂ. സ്ത്രീകൾ ഉൾപ്പെടെ എല്ലാ മേഖലയിലും മുന്നോട്ട് വരണം.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് എന്നെ ഒരു മാതൃകാ രാഷ്ട്രീയക്കാരനായി കാണാൻ കഴിയും. ആളുകൾക്ക് എൻ്റെ പിതാവിനെ നന്നായി അറിയാമെന്ന് സോഫിയ ഫിർദൗസ് പറഞ്ഞു. ചിരിക്കുന്ന എംഎൽഎ എന്നാണ് ആളുകൾ തനിക്ക് നൽകിയ പേരെന്ന് സോഫിയ കൂട്ടിച്ചേർത്തു. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 147 മണ്ഡലങ്ങളിൽ 78 സീറ്റിലും വിജയിച്ച് ഒഡീഷയിൽ ബിജെപി അധികാരം പിടിച്ചെടുത്തു.