ഉത്ര കേസ്: പൊലീസ് കോടതിയിൽ പറഞ്ഞത് കള്ളം; തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്

കൊല്ലം: താൻ തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പൊലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും സൂരജ്. ശിക്ഷാവിധിക്കു ശേഷം കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്‍റെ പ്രതികരണം.

അതേസമയം വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല വ്യക്തമാക്കി. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നും മണിമേഖല പറഞ്ഞു.

ഉത്രാവധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍.
കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷമായിരുന്നു എസ്പിയുടെ പ്രതികരണം.

എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല.
അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിധിയില്‍ തൃപ്തരാണ്.

ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫൊറന്‍സിക്, പൊലീസ്, ഉള്‍പ്പെടെ എല്ലാവരും സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വിധി വരാന്‍ കാരണമായത്’. കോടതി വിധി കൃത്യമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും എസ്പി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News