നീറ്റ് വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തത്; വിമർശനവുമായി സോനം വാങ്ചുക്കിന്റെ ഭാര്യ

‘ആശങ്കകൾ അവഗണിക്കാനാവില്ല’; സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതാക്കൾ ജന്തർ മന്തറിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ചേരുന്നതിന് പകരം സ്വന്തം അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗീതാഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന മിന്നൽ പ്രതിഷേധത്തെയാണ് ഗീതാഞ്ജലി വിമർശിച്ചത്.

പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഉന്തും തള്ളിലും രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തിരുന്നു. രാഷ്ട്രീയക്കാർ സോനം വാങ്ചുക്കിന്റെ പ്രശസ്തിയെയും ഖ്യാതിയെയും ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം പ്രകടനങ്ങൾ കൊണ്ട് ജനങ്ങളെ ഇനി പറ്റിക്കാനാവില്ലെന്നും ആത്മാർത്ഥതയില്ലാത്ത രാഷ്ട്രീയക്കാരെ യുവാക്കൾ പുറന്തള്ളുമെന്നും ഗീതാഞ്ജലി പറഞ്ഞു. രാഷ്ട്രീയക്കാർ വാക്കും പ്രവർത്തിയും തമ്മിലുള്ള ദൂരം കുറയ്ക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥി പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന ഈ സമരം തികച്ചും അരാഷ്ട്രീയമാണെന്ന് ഗീതാഞ്ജലി ആങ്‌മോ വ്യക്തമാക്കി.

'ഞങ്ങളെ സംബന്ധിച്ച് ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല, പാർലമെന്റാണ് ഏറ്റവും വലിയ സ്ഥാപനം. വിദ്യാഭ്യാസം ഒരു മൗലിക വിഷയമായി പാർലമെന്റ് ചർച്ച ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' -അവർ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ കേവലം പ്രകടനങ്ങൾ നടത്തുന്നതിന് പകരം പറഞ്ഞ കാര്യങ്ങൾ പ്രവർത്തിച്ചു കാണിക്കണമെന്നും ആത്മാർത്ഥത കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വന്തം അജണ്ടകളുമായി വരുന്നവർ സമരത്തിൽ നിന്ന് പുറത്താവുമെന്നും ആത്മാർത്ഥതയുള്ളവർക്ക് മാത്രമേ ഇതിൽ നിലനിൽപ്പുള്ളൂ എന്നും അവർ പറഞ്ഞു

അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച 26-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞയാഴ്ച ജന്തർ മന്തറിൽ നിന്ന് മാറ്റിയ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ സമരം തുടരുകയാണ്‌. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നടപടികളും സർക്കാർ സ്വീകരിക്കരുത് എന്ന പുതിയ ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വാങ്ചുക് സമരം തുടങ്ങിയതെങ്കിലും ഇപ്പോഴത്തെ കത്തിൽ ആ ആവശ്യം ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ ആശുപത്രിയിലെത്തി വാങ്ചുക്കിനെ സന്ദർശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News