കോകോ റസ്റ്റോറന്റില്‍ നടന്ന നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു; മയക്കുമരുന്ന് വിവാദത്തില്‍ ദീപികാ പദുക്കോണിന് പിന്നാലെ സോനാക്ഷി സിന്‍ഹയും
മുംബൈ: ബോളിവുഡിലെ മയക്കുരുന്നു വിവാദത്തില്‍ ദീപികാ പദുക്കോണിന് പിന്നാലെ നടി സോനാക്ഷി സിന്‍ഹയും സംശയത്തിന്റെ നിഴലില്‍. ദീപികയ്ക്കൊപ്പം കോകോ റസ്റ്റോറന്റില്‍ നടന്ന നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് സോനാക്ഷി സിന്‍ഹ വിവാദത്തിലായിരിക്കുന്നത്.
നേരത്തേ ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രജ്പുത്തിന്റെ നായികയായി അഭിനയിച്ച സാറാ അലിഖാന്‍, ബോളിവുഡിലെ യുവനായിക ശ്രദ്ധാകപൂര്‍ തെന്നിന്ത്യന്‍ താരറാണി രാകുല്‍ പ്രീത് സിംഗ് എന്നിവരെയും ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബോട്ടയേയും ഈ ആഴ്ച ചോദ്യം ചെയ്യാന്‍ നാര്‍ക്കോട്ടിക് വിഭാഗം വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാനേജര്‍ കരിഷ്മാ പ്രകാശിനോട് മയക്കുമരുന്ന് കിട്ടുമോ എന്നാവശ്യപ്പെട്ട് നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നതോടെയാണ് സൂപ്പര്‍താരം ദീപികാ പദുക്കോണ്‍ വിവാദത്തിലായത്.
ഈ ചാറ്റില്‍ മയക്കുമരുന്ന് ഇടപാടുകാരന്‍ കോകോ റസ്റ്റോറന്റില്‍ എത്താന്‍ ആവശ്യപ്പെടുന്നതിന്റെ വിവരം ഉണ്ടായിരുന്നു. ഇതേ ദിവസം തന്നെയാണ് റസ്റ്റോറന്റില്‍ ദീപികയും സോനാക്ഷി സിന്‍ഹയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടന്നത്. 2017 ഒക്ടോബര്‍ 28 നായിരുന്നു സംഭവം. നടിമാര്‍ക്ക് പുറമേ നടന്മാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആദിത്യ റോയ് കപൂറും നിശാപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കേസില്‍ ദീപികയുടെ മാനേജര്‍ കരിഷ്മയെയും ക്വാന്‍ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയേയും അതിന്റെ മേധാവി ധ്രുവ് ചിത്ഗോപേക്കറിനെയും കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ദീപികയും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരുമെന്നാണ് സൂചനകള്‍. കേസില്‍ കഴിഞ്ഞ കാല സൂപ്പര്‍നായികമായിരില്‍ ഒരാളായിരുന്ന ദിയാ മിര്‍സയുടെ പേരും പരാമര്‍ശിക്കപ്പെട്ടെങ്കിലും താന്‍ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടേയില്ല എന്നാണ് ദിയ നല്‍കിയ മറുപടി. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ലഹരി ഇടപാട് സൂചനകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതോടെയാണ് എന്‍സിബി അന്വേഷണവും കേസില്‍ വന്നത്.