റാംഗഡ്: ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ മകന്‍ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാംഗഡ് സ്വദേശിയായ കൃഷ്ണ റാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ മകനായ മുപ്പത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബര്‍ക്കകനയിലെ സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിലെ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു കൃഷ്ണ റാം. കമ്പനി നിയമം അനുസരിച്ച് അവരുടെ ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ നിയമപരമായ ആശ്രിതന് തൊഴില്‍ ലഭിക്കും. ഇതിനായാണ് മകന്‍ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണ റാമിനെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രിയോടെ ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തിയ മകന്‍ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രകാശ് ചന്ദ്ര മഹ്‌തോ അറിയിച്ചത്. കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. ആശ്രിത നിയമനത്തിലൂടെ തൊഴില്‍ ലഭിക്കുന്നതിനായാണ് ഇത്തരമൊരു ക്രൂരത ചെയ്യേണ്ടി വന്നതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.