കണ്ണൂരില്‍ 17കാരിയെ പീഡിപ്പിച്ച യോഗാചാര്യനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

കണ്ണൂര്‍: പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച യോഗാചാര്യനെതിരേ പോക്സോ ചുമത്തി കേസെടുത്തു. വീട്ടില്‍ അതിഥിയായി എത്തിയ മധ്യവയസ്‌കന്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരേയാണ് പരിയാരം പോലിസ് കേസെടുത്തത്.

പഴയങ്ങാടി, പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പലയിടത്തും യോഗ പരിശീലനത്തിനായി എത്തിയ ഘട്ടത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പരിചപ്പെടുകയും പിന്നീട് ഇവരുടെ വീട്ടില്‍ താമസിച്ച് യോഗ പരിശീലനം നടത്തുകയുമായിരുന്നു.

ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2017, 2018, 2019 വര്‍ഷങ്ങളിലെ ചില ദിവസങ്ങളില്‍ ഇയാള്‍ പീഡനം നടത്തിയതായി പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പീഡനത്തെ തുടര്‍ന്നുള്ള മാനസികാഘാതത്തെതുടര്‍ന്ന് വീട്ടില്‍ ഒതുങ്ങിക്കൂടിയ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

ഇപ്പോള്‍ 19 വയസുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ വി ബാബുവിനാണ് അന്വേഷണ ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News