കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അനുശ്രീ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അനുശ്രീ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ക്യാമറമാനായ വിഷ്ണുവിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു കുഞ്ഞിന് ജന്മം കൊടുത്തതിന് തൊട്ട് പിന്നാലെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടക്കുന്നത്.
മകനായ ആരവിന്റെ നൂലുകെട്ടിന് വിഷ്ണു വരാതിരുന്നതിനെക്കുറിച്ചും തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞുള്ള അനുശ്രീയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.മകന്റെ നൂല്‌കെട്ട് ചടങ്ങിന് വിളിച്ചിട്ട് പോലും തന്റെ ഭര്‍ത്താവ് അതില്‍ പങ്കെടുക്കാന്‍ വന്നില്ലെന്നാണ് അനുശ്രീ പറയുന്നത്.
അനുശ്രീയുടെ വാക്കുകളിലേക്ക്
എന്റെ അമ്മയും വിഷ്ണുവും സംസാരിക്കാറില്ല. എങ്കിലും കുഞ്ഞിന്റെ നൂലുകെട്ടിന് ഒരാഴ്ച മുന്‍പ് ഞാന്‍ വിഷ്ണുവിനെ വിളിച്ചിരുന്നു. ഗര്‍ഭിണിയായി അഞ്ചാം മാസത്തില്‍ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടു വന്നു. അന്ന് മുതല്‍ ഞാനും വിഷ്ണുവും എന്റെ വീട്ടിലാണ് താമസിച്ചത്. വിഷ്ണു സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. ഭാര്യയെ പ്രസവത്തിനായി വീട്ടുകാര്‍ വിളിച്ച് കൊണ്ട് പോയാല്‍ ഭര്‍ത്താവും കൂടെ നില്‍ക്കുന്ന പതിവില്ല.
എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ ആശുപത്രിയില്‍ പോവാന്‍ എനിക്ക് ഡ്രൈവ് ചെയ്യാന്‍ പറ്റില്ല. വിഷ്ണു ഉണ്ടെങ്കില്‍ നല്ലതാണല്ലോ, അങ്ങനെയാണ് ഇവിടെ നില്‍ക്കാന്‍ പറഞ്ഞത്. ഡെലിവറി കഴിഞ്ഞതിന് ശേഷവും ഇവിടെ നില്‍ക്കുന്നത് മോശമാണ്. ഇവിടെ എല്ലാവരും ബ്രാഹ്മിന്‍സാണ്, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നോക്കുന്നവരാണ്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, ഞാന്‍ വീട്ടിലേക്ക് പൊക്കോളാമെന്ന് പറഞ്ഞ് വിഷ്ണു പോയി.
11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലെന്നുണ്ട്. അത് കഴിഞ്ഞ് വിഷ്ണു വന്ന് കുഞ്ഞിനെ കണ്ടിട്ട് പോയി. പിന്നെ വന്നില്ല. പിന്നെ വിഷ്ണു വിളിക്കുമ്പോളെല്ലാം ഞാന്‍ കുഞ്ഞുമായി തിരക്കിലാണ്. ആ സമയത്ത് സ്‌നേഹത്തോടെ സംസാരിക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയിലല്ല ഞാന്‍. ആ വിഷമം വിഷ്ണുവിന് ഉണ്ടായിരുന്നു. ആ ഒരു ദേഷ്യവും വിഷമവും വെച്ച് വിഷ്ണു പിന്നെ എന്നെ വിളിക്കാതായി.
പിന്നെ വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായി. നൂലുകെട്ടിന് വരണമെന്ന് പറഞ്ഞപ്പോള്‍ നീ എന്റെ അടുത്ത് പറയണ്ട, നിന്റെ അമ്മ എന്നെ വിളിച്ചാലേ വരുള്ളൂ എന്ന് പറഞ്ഞു. അമ്മ എന്തായാലും വിളിക്കില്ലെന്ന് അവനറിയാം. എല്ലാ അമ്മമാര്‍ക്കും കുഞ്ഞിന്റെ നൂല്‌കെട്ട് ആഘോഷമാക്കാനാണ് ഇഷ്ടം. ആ സമയത്ത് ആരെയും ആശ്രയിക്കാതെ കുഞ്ഞിന് അരഞ്ഞാണമിടമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. മാല ഞാനിട്ടോളാമെന്ന് പറഞ്ഞു.
അങ്ങനെയെല്ലാം പ്ലാന്‍ ചെയ്‌തെങ്കിലും അമ്മ വിളിച്ചാലേ വരൂയെന്ന ഡയലോഗില്‍ എല്ലാം മാറിമറിഞ്ഞു. ചിലപ്പോള്‍ അവന് അരഞ്ഞാണം വാങ്ങാന്‍ കാശില്ലാത്തത് കൊണ്ട് ഞാനെങ്ങനെ പ്രതികരിക്കും എന്നോര്‍ത്തുമാവാം. ചിന്തിക്കുമ്പോള്‍ രണ്ട് വശത്തും നോക്കണം. നൂലുകെട്ടിന് വരുന്നില്ലേന്ന് ചോദിച്ച് എന്റെ അച്ഛന്‍ വിളിച്ചിരുന്നു. എന്തിനാണെന്നാണ് അവന്റെ ചോദ്യം. എന്നെ ആരും ക്ഷണിച്ചില്ല, എന്നോടാരും പറഞ്ഞില്ല, ഞാന്‍ ഷൂട്ടിലാണ്, വരാന്‍ പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്.
കുഞ്ഞിന്റെ അച്ഛനല്ലേ നൂലുകെട്ടേണ്ടതെന്ന് ചോദിച്ചെങ്കിലും അവന്‍ മൈന്‍ഡ് ചെയ്തില്ല. പിന്നെ അച്ഛന്‍ അവനെ വിളിച്ചതുമില്ല. ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ തമ്മിലുള്ള വഴക്ക് അച്ഛന്‍ കണ്ടിരുന്നു. അന്നേരം എന്നെ വിഷമിപ്പിക്കരുതെന്നും കൊച്ചിന് പാല് കൊടുക്കുന്നത് കൊണ്ട് ടെന്‍ഷനടിപ്പിക്കരുത്. അത് കൊച്ചിനേയും ബാധിക്കുമെന്നും അച്ഛന്‍ അവനോട് പറഞ്ഞിരുന്നു.അവനെ കുറിച്ച് മോശമായി ഞാനെന്തൊക്കെയോ അച്ഛനോട് പറഞ്ഞിട്ടുണ്ടെന്നാണ് അവന്റെ ധാരണ. സത്യത്തില്‍ അങ്ങനെയല്ല നടന്നതെന്ന് നടി വ്യക്തമാക്കുന്നു.
പിന്നെ നൂല് കെട്ടിന്റെ അന്ന് ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണ് ഉണ്ടായിരുന്നത്. ചില ആണുങ്ങളുടെ വിചാരം അവരില്ലാതെ ഒന്നും നടക്കില്ലെന്നാണ്. അത് തെറ്റാണ്. ഒരു പെണ്ണ് വിചാരിച്ചാലും എല്ലാം നടക്കും. സിംഗിള്‍ മദറായാലും സിംഗിള്‍ ഡാഡ് ആയാലും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ കാര്യങ്ങളും എന്റെ കൊച്ചിന്റെ കാര്യങ്ങളും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഭാവിയിലും അങ്ങനെ തന്നെ ചെയ്യുമെന്നും അനുശ്രീ പറയുന്നു.