തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമര്‍ശവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ആര് എതിർത്താലും പേടിയില്ല എന്നും എംഎൽഎ പറഞ്ഞു. ആർ.സി ശ്രീകുമാർ എന്ന ഡോക്റ്റർ സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ലെന്ന് ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും ജനത്തെ തല്ലുന്നത് നിർത്താൻ ഇടപെടണമെന്നും എംഎല്‍എ ചോദിച്ചു.
അവയവ ദാന ശസ്ത്രക്രിയ യ്‌ക്ക് എത്തിയ രോഗിയെ വീട്ടിൽ വിളിച്ചു 25,000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ തനിക്ക് അറിയാമെന്നും സംഘടനാ ബലം ഡോക്ടർമാർ കയ്യിൽ വെച്ചാൽ മതിയെന്നും എംഎല്‍എ പറഞ്ഞു. അവയവദാന ശസ്ത്രക്രിയ സംബന്ധിച്ച് സിസ്റ്റത്തിന്‍റെ ഊരാക്കുടുക്കിൽ പെട്ട് ജനം നട്ടം തിരിയുകയാണ്. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെ മര്യദ പഠിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സൂചനാ സമരം തുടങ്ങി. അതിനിടെ, ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വെളളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്താനാണ് ഐഎംഎയുടെ തീരുമാനം സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 24നാണ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മടവൂർ സ്വദേശി ഹാജിറ നജയുടെ പെൺകുഞ്ഞ് മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവമാണ് ഉണ്ടായതെന്നും വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കളുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ സമരം തുടങ്ങിയത്. സംഭവത്തില്‍ ഹാജിറ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.