തിരുവനന്തപുരം: സോളർ കേസിൽ ഇതുവരെ പുറത്തു വരാത്ത ആ രഹസ്യത്തിനും സിബിഐ ഉത്തരം നൽകി– ലൈംഗിക ആരോപണ കേസുകളിൽ പരാതിക്കാരി ഹാജരാക്കിയ 2 ഹാർഡ് ഡിസ്കിലും പീഡനം സംബന്ധിച്ച വിഡിയോ ദൃശ്യങ്ങളോ മറ്റു തെളിവോ ഇല്ല.
2022 ഓഗസ്റ്റ് ഒന്നിനു ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിച്ചു നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം. കഴിഞ്ഞ ഡിസംബറിൽ പീഡന ആരോപണ കേസിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സാക്ഷി മോഹൻദാസിന്റെ നോക്കിയ ഫോൺ മെമ്മറി കാർഡ് സഹിതം എഫ്എസ്എൽ ലാബിൽ 2020 ഒക്ടോബറിൽ പരിശോധനയ്ക്കു നൽകിയിരുന്നു. അതിന്റെ ഫലം 2022 ജൂലൈയിലാണു ലഭിച്ചത്. പീഡിപ്പിച്ച ദൃശ്യങ്ങൾ ഈ മൊബൈലിൽ ആണു റിക്കോർഡ് ചെയ്തതെന്നു പരാതിക്കാരി പറഞ്ഞിരുന്നു. ടീം സോളർ കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. എന്നാൽ അത്തരം വിഡിയോ ദൃശ്യങ്ങളോ മറ്റെന്തെങ്കിലും തെളിവോ മൊബൈലിൽ ഇല്ല എന്നായിരുന്നു റിപ്പോർട്ട്.