എട്ട് കിലോമീറ്റർ യാത്ര;30 ശതമാനം അധികനിരക്ക്, ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തുകളിലേക്ക്
ദുബായ്: എമിറേറ്റിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നു. അടുത്ത മാസമാദ്യം സ്വയംനിയന്ത്രിത ഓട്ടോമാറ്റിക് ടാക്‌സികാറുകള്‍ പരീക്ഷണയോട്ടം ആരംഭിക്കും. ഡിസംബര്‍ അവസാനത്തോടെ യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകളില്‍ സഞ്ചരിക്കാനാകുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു.
ദുബായില്‍ നടക്കുന്ന വേള്‍ഡ് ചാലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഖാലിദ് അല്‍ അവാദി. ജുമൈര മേഖലയിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവറില്ലാ ടാക്‌സി കാറുകള്‍ സര്‍വീസ് നടത്തുക. ജുമൈര ഒന്നില്‍ ഇത്തിഹാദ് മ്യൂസിയം മുതല്‍ ദുബായ് വാട്ടര്‍കനാല്‍ വരെയാകും സര്‍വീസ്.
തുടക്കത്തില്‍ എട്ടുകിലോമീറ്റര്‍ ദൂരത്തിലാകും സര്‍വീസ് ഉണ്ടാകുക. അഞ്ചുകാറുകള്‍ സര്‍വീസ് നടത്തുമെന്നും ഖാലിദ് അല്‍ അവാദി വ്യക്തമാക്കി. 2024 പകുതി മുതല്‍ കൂടുതല്‍ ഡ്രൈവറില്ലാകാറുകള്‍ നിരത്തിലിറക്കും. സുരക്ഷ, സുഖകരമായ യാത്ര എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് വാഹനങ്ങള്‍ രൂപകല്‍പ്പനചെയ്തിട്ടുള്ളത്. തുടക്കത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാകും യാത്രചെയ്യാന്‍ അവസരം. ഇതിനായി ആര്‍.ടി.എ. പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കും.
യാത്രയ്ക്കുള്ളനിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിലും സാധാരണ ടാക്‌സി നിരക്കിനെക്കാള്‍ 30 ശതമാനം കൂടുതലാകുമെന്നാണ് സൂചന. പരീക്ഷണ ഓട്ടത്തിന് ശേഷമാകും നിരക്കിന്റെയും സര്‍വീസ് സമയത്തിന്റെയും കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുക. ജുമൈര മേഖലയില്‍ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് തുടങ്ങുന്നതിനുള്ള മാപ്പിങ് നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ റൂട്ടുകളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ സര്‍വീസ് നടത്തുക.
കൂടുതല്‍വാഹനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും ഖാലിദ് അല്‍ അവാദി പറഞ്ഞു. രണ്ടു ദിവസത്തെ സമ്മേളനം ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച രാവിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍നടന്ന ചടങ്ങില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്ഘാടനം ചെയ്തു.