‘6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ’; ചിത്രീകരണത്തിന് തയ്യാറായി അലി അക്ബര്‍, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

കൊച്ചി:മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയതായി സംവിധായകന്‍ അലി അക്ബര്‍. ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോര്‍ തയ്യാറാകുന്നതായും അലി അക്ബര്‍ പറഞ്ഞു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി പങ്കുവെച്ച മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോർഡ് ചെയ്യുന്ന കാര്യം അലി അക്ബർ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.

അതെ സമയം സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് സംവിധായകന്‍ അലി അക്ബറിനെതിരെ ട്രോളന്‍മാര്‍ തീര്‍ക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റിൽ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളുകൾ. പലരും അലി അക്ബര്‍ സംഘപരിവാര്‍ അനുയായികളെ കബളിപ്പിക്കുകയാണെന്ന വാദവും ട്രോളുകളിലൂടെ ഉയര്‍ത്തി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമക്കായി നിര്‍മിക്കുന്ന തോക്കും ഓലയുമെല്ലാം താന്‍ തന്നെയാണ് നിര്‍മിക്കുന്നതെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News