25.9 C
Kottayam
Friday, May 17, 2024

‘സമൂഹമാധ്യമങ്ങള്‍ ഭിന്നിപ്പിക്കലിനായി ഉപയോഗിക്കപ്പെടുന്നു’; പഠാന്‍ ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍

Must read

താന്‍ നായകനാവുന്ന പഠാന്‍ എന്ന പുതിയ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങള്‍ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലെ പ്രതിലോമകരമായ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്. പഠാന്‍ എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും ട്വിറ്ററില്‍ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനത്തെക്കുറിച്ച് പരമാര്‍ശിക്കാതെയാണ് കിംഗ് ഖാന്‍റെ പ്രതികരണം.

സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇന്ന് ഏറെ ജനകീയമാണ്. വര്‍ത്തമാനകാലത്തെ നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. സോഷ്യല്‍ മീഡിയ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന പൊതു വിലയിരുത്തലില്‍ നിന്ന് ഭിന്നമാണ് എന്‍റെ അഭിപ്രായം. ഇന്നത്തെ കാലത്ത് സിനിമയ്ക്ക് കുറേക്കൂടി വലിയ ഉത്തരവാദിത്തം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്, ഷാരൂഖ് ഖാന്‍ പറഞ്ഞു.

അതേസമയം സമൂഹമാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു- നിഷേധാത്മകത എന്നത് സമൂഹമാധ്യമ ഉപഭോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്‍റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിനെ ആനയിക്കും.

മാനുഷികമായ ദൌര്‍ബല്യങ്ങളുടെ കഥകള്‍ ഏറ്റവും ലളിതമായ ഭാഷയിലാണ് സിനിമ അവതരിപ്പിക്കുന്നത്. നമ്മെ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ അത് സഹായിക്കുന്നു. അനുതാപത്തിന്‍റെയും ഒരുമയുടെയും സാഹോദര്യത്തിന്‍റെയുമൊക്കെ കഥകള്‍ അത് അനേകരില്‍ എത്തിക്കുന്നു. ലോകസിനിമയിലൂടെ ലോകത്തെ കണ്ടറിയല്‍ ഏറെ പ്രധാനമാണ്. വെറുതെ കണ്ടറിയല്‍ മാത്രമല്ല, മറിച്ച് വിഭിന്ന സംസ്കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളുമൊക്കെയുള്ള ജനപദങ്ങള്‍ക്ക് പരസ്പരം തിരിച്ചറിവിന്‍റെ ഒരു പാത സൃഷ്ടിക്കല്‍ കൂടിയാണ് അത്.

ഇതുപോലെയുള്ള ചലച്ചിത്രോത്സവങ്ങള്‍ മുന്‍വിധികളെ തകര്‍ക്കും. സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്‍റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week