ഡല്‍ഹിയില്‍ മഞ്ഞുരുകി; പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തെന്ന്‌ എം.പിമാരും കെപിസിസി അധ്യക്ഷനും,’തിരഞ്ഞെടുപ്പിനൊരുങ്ങും’

ന്യൂഡല്‍ഹി:പരാതികള്‍ക്കും പരസ്യപ്രതികരണങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകി. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്ന് എം.പിമാരും കെ.പി.സി.സി അധ്യക്ഷനും സംയുക്തമായി വാര്‍ത്താ സമ്മേളനത്തിലൂടെയറിയിച്ചു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും.

പ്രതിസന്ധി രൂക്ഷമായതോടെ കെ.സി വേണുഗോപാല്‍ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. രാഹുല്‍ ഗാന്ധിയൊഴികെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും യോഗത്തില്‍ പങ്കെടുത്തു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എം.പിമാരും യോഗത്തെ അറിയിച്ചു.

കെ.മുരളീധരനും എം.കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് എഐസിസി നേതൃത്വം എംപിമാരോടും കെ.സുധാകരനോടും നിര്‍ദേശിച്ചു. പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. പകരം പുഃസംഘടനയില്‍ എംപിമാരെക്കൂടി കേട്ട് തീരുമാനം എടുക്കും എന്ന ഉറപ്പ് യോഗം നല്‍കി.

തുടര്‍ന്നാണ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കണ്ടത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചര്‍ച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

എം.പിമാരുടെ പ്രശ്നം മാത്രമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്. രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ തുടങ്ങി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളില്‍ കടുത്ത വിയോജിപ്പുണ്ട്. ഇവരെ കണ്ട് സംസാരിക്കാനും എല്ലാ നേതാക്കളുടേയും യോഗം ഒരുമിച്ച് ചേരാനുമായാണ് താരിഖ് അന്‍വര്‍ കേരളത്തിലേയ്ക്ക് എത്തുന്നത്. ഇനി മുതല്‍ എല്ലാ മാസവും എം.പിമാരുടെ യോഗം ചേരുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.

പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് കടക്കും. ഈ ഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഇടപെടലുകള്‍ എം.പിമാരുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് എ.ഐ.സി.സി കര്‍ശന നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News