ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഒടുവിൽ സ്കൂട്ടർ വെട്ടിപ്പൊളിച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തി വിടർത്തി മൂര്‍ഖന്‍ പാമ്പ്. യാത്രക്കാരായ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാമ്പിനെ കണ്ടതോടെ സ്കൂട്ടര്‍ വേഗം കുറച്ചു യുവാക്കള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം.

മട്ടന്നൂര്‍ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവര്‍ത്തകനായ ഷഹീറും യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സില്‍നിന്ന് പാമ്പ് പത്തി വിടര്‍ത്തിയത് കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടറിന്റെ വേഗം കുറച്ചു ചാടി രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ ലൈറ്റ് ബോക്സിനുള്ളിലേക്കു കയറിയ പാമ്പിനെ ഒടുവിൽ സ്കൂട്ടര്‍ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.