പ്രചരണം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസലിനാണ്(42) പാമ്പുകടിയേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ സന്ധ്യയോടെ വീട്ടിലേക്ക് എത്തി ഗേറ്റു തുറന്നു അകത്തേക്ക് കടക്കുമ്പോഴാണ് റീനയ്ക്കു പാമ്പുകടിയേറ്റത്. അറിയാതെ ചവിട്ടിയതോടെ പാമ്പ് റീനയുടെ കാലില്‍ ചുറ്റുകയും ആഞ്ഞു കൊത്തുകയുമായിരുന്നു. ഉടന്‍ തന്നെ കാല്‍ ശക്തമായി കുടഞ്ഞു പാമ്പിനെ വേര്‍പെടുത്തി.ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ റീനയെ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ബോധരഹിതയായ റീനയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഉഗ്ര വിഷമുള്ള ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് റീനയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമയത്തുതന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News