സ്മൃതി ഇറാനിയ്ക്ക് കൂടുതല്‍ വകുപ്പുകള്‍,രാജിവെച്ച് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ടപതി സ്ഥാനാര്‍ത്ഥിയായേക്കും

ന്യൂഡല്‍ഹി: ഇന്ന് രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ച ഒഴിവില്‍ ആ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക് നല്‍കി. ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആര്‍സിപി സിംഗ് രാജിവച്ചതിനാല്‍ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കി.

ഇന്ന് വൈകിട്ടോടെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചത്. ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി നല്കിയത്. കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. നഖ്വിയുടെ രാജ്യസഭ കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

രാജ്യസഭയിലേക്ക് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും സീറ്റു നല്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. അതേസമയം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകളില്‍ മുക്താര്‍ അബ്ബാസ് നഖ്വിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ബിജെപി തീരുമാനം രണ്ടു ദിവസത്തിലുണ്ടാകും. രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കിയ കേന്ദ്രമന്ത്രി ആര്‍സിപി സിംഗും രാജി നല്കും. ജെഡിയു ആര്‍സിപി സിംഗിന് വീണ്ടും സീറ്റു നല്തിയിരുന്നില്ല. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന വിമര്‍ശനം ജെഡിയുവില്‍ ആര്‍സിപി സിംഗിനെതിരെ ശക്തമായി ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News