പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ഗാന്ധി ഫ്ലെയിങ് കിസ് നല്‍കി;ആരോപണവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുമെന്നാണ് വിവരം.

സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പറഞ്ഞു.എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല’ സ്മൃതി പറഞ്ഞു.

2018ല്‍ മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പ്രസംഗം. വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണമെന്നും രാഹുല്‍ തുറന്നടിച്ചു. എന്നാല്‍ രൂക്ഷമായ വിമര്‍ശന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുല്‍ എല്ലാവരെയും ഞെട്ടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News