യുവതിയെ ശാസ്താംകോട്ട തടാകത്തിൽ തള്ളിയിട്ട് കൊന്നു; എട്ടുവർഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: എട്ടുവര്‍ഷം മുന്‍പ് യുവതിയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസമാണ് യുവതി കൊല്ലപ്പെട്ടത്. കറുത്ത പെണ്ണും വെളുത്ത കാറുമാണ് തനിക്ക് കിട്ടിയതെന്ന പറഞ്ഞ് പ്രതി ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും ഇയാൾ ഭാര്യയെ അനുവദിച്ചിരുന്നില്ല.

സംഭവ ദിവസം കരിമീൻ വാങ്ങാനെന്നും പറഞ്ഞാണ് പ്രതി ഭാര്യയേയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്. പെരിങ്ങാലത്തേക്ക് എത്തി. അവിടെ നിന്ന് കരിമീൻ കിട്ടിയില്ല. തുടർന്ന് വൈകിട്ട് ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരിച്ചെത്തി. തനിക്ക് തലവേദനയാകുന്നെന്ന് പറഞ്ഞ് കുറേ സമയം അവിടെ നിന്നു. രാത്രി കടവിൽ നിന്ന് ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു, ഇരുട്ടത്ത് ആരും കാണാതെ വെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്തു.

ഭാര്യ കാൽതെറ്റി വീണെന്നായിരുന്നു ചുറ്റും കൂടിയവരോട് ഇയാൾ പറഞ്ഞത്. അബോധാവസ്ഥയിലായ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മൂന്നാം ദിനം മരണത്തിന് കീഴടങ്ങി. തുടർന്ന് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017ൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News