NationalNews

കല്യാണത്തിന്‌ മുൻപ് ചിരി ഭംഗിയാക്കാൻ ശസ്‌ത്രക്രിയ; 28കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്‌മൈൽ ഡിസൈനിംഗ് ശസ്‌ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുക്കട്ട്‌പള്ളിക്ക് സമീപമുള്ള ഹൈദർനഗർ സ്വദേശിയായ ലക്ഷ്‌മി നാരായണ വിജ്ഞം എന്ന യുവാവാണ് ചിരി കൂടുതൽ ഭംഗിയാക്കുന്ന ‘സ്‌മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയയ്ക്ക് വിധേയനായി മരണപ്പെട്ടത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സംഭവം.

ബിസിനസുകാരനായ ലക്ഷ്‌മി നാരായണ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള എഫ് എം എസ് ഇന്റർനാഷണൽ ഡന്റൽ ക്ളിനിക്കിൽ ഫെബ്രുവരി 16നാണ് സർജറിക്ക് വിധേയനായത്. അനസ്‌തീഷ്യ അമിത തോതിൽ നൽകിയതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പിതാവ് വിജ്ഞം രാമുലു ആരോപിച്ചു. അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ യുവാവ് ബോധരഹിതനായെന്ന് പിതാവ് പറയുന്നു.

ശസ്ത്രക്രിയയ്ക്കായി ലക്ഷ്‌മി നാരായണ ഒറ്റയ്ക്കാണ് ആശുപത്രിയിലെത്തിയത്. വൈകുന്നേരം മകന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആശുപത്രിയിലെ ജീവനക്കാരാണ് ഫോൺ എടുത്തതെന്നും ശസ്ത്രക്രിയയ്‌ക്കിടെ മകൻ ബോധരഹിതനായെന്ന് അറിയിക്കുകയും ചെയ്തുവെന്ന് രാമുലു പറഞ്ഞു. തുടർന്ന് യുവാവിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി അധികൃതർ അറിയിക്കുകയായിരുന്നു.

മകൻ വീട്ടിൽനിന്ന് പോകുന്നതുവരെ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് പിതാവ് പറയുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും രാമുലു ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button