ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലാവോ വിൻസിക്, പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി റഫറി

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള വിഖ്യാത പോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തിരഞ്ഞെടുത്തു. ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്കിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഫൈനൽ നിയോഗം പ്രഖ്യാപിക്കപ്പെട്ട നിമിഷം വികാരാധീനനായ വിൻസിക് സന്തോഷം അടക്കാനാവാതെ കണ്ണീരണിഞ്ഞു.

2010 മുതൽ ഫിഫ ലിസ്റ്റഡ് ഒഫീഷ്യലായ വിൻസിക് യുവേഫയിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരിൽ ഒരാളാണ്. 2024 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെയുള്ള ഒട്ടേറെ സുപ്രധാന മത്സരങ്ങൾ അദ്ദേഹം ഇതിനകം നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും, നിലവിലെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലും അദ്ദേഹം ചുമതല വഹിച്ചിരുന്നു. ജൂലൈ ഒന്നിന് നടന്ന മെക്സിക്കോ-ഇക്വഡോർ മത്സരവും നിയന്ത്രിച്ചത് വിൻസിക്കായിരുന്നു.

വിൻസിക്കിനൊപ്പം ടോമാസ് ക്ലാൻച്‌നിക്, ആന്റ്രാസ് കോവാസിക് എന്നിവർ അസിസ്റ്റന്റ് റഫറിമാരായി ഫൈനലിൽ ഉണ്ടാകും. പത്ത് വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് ഇവർ. ജോർദാനിൽ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് നാലാം റഫറി. മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും പ്രവർത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News