ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനഘട്ടത്തിലേക്ക്. ഞായറാഴ്ച ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോർഡ്‌സിൽ നടക്കാനിരിക്കുന്ന മത്സരം രോഹിത്തിന്റെ വിടവാങ്ങൽ മത്സരമായേക്കുമെന്നാണ് സെലക്ഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
39-കാരനായ രോഹിത്തിനെ നിലവിലെ ഇംഗ്ലണ്ട് പര്യടനത്തിനപ്പുറം ടീമിൽ നിലനിർത്താൻ ദേശീയ സെലക്ഷൻ കമ്മിറ്റിക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ മോശം ഫോമും 2027 ലോകകപ്പിന് മുന്നോടിയായി യുവതാരം യശസ്വി ജയ്സ്വാളിന് കൂടുതൽ അവസരങ്ങൾ നൽകാനുള്ള നീക്കവുമാണ് ഇതിന് പിന്നിൽ. കോച്ച് ഗൗതം ഗംഭീർ താരത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും സെലക്ടർമാർ ഭാവിയിലേക്കുള്ള ടീമിനെ വാർത്തെടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തന്റെ വിരമിക്കൽ കാര്യത്തിൽ രോഹിത് ശർമതന്നെ അന്തിമ തീരുമാനമെടുക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികളിൽ രോഹിത് ശർമ ഇനി ഭാഗമല്ലെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ജയ്സ്വാളിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് സെലക്ടർമാർ ലക്ഷ്യമിടുന്നത്.
ഏകദിന ഫോർമാറ്റിൽ രോഹിത് ഇപ്പോൾ അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ എട്ട് ഏകദിനങ്ങളിൽ നിന്ന് 30.1 ശരാശരിയിൽ 241 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൂടാതെ, 2027 ലോകകപ്പ് ആകുമ്പോഴേക്കും അദ്ദേഹത്തിന് 41 വയസ്സ് തികയുമെന്നതും ടീമിലെ സ്ഥാനത്തെ ബാധിക്കുന്നു.
സെലക്ടർമാർ മാറ്റങ്ങൾ ആഗ്രഹിക്കുമ്പോഴും ഹെഡ് കോച്ച് ഗൗതം ഗംഭീർ രോഹിത്തിന് പിന്തുണ നൽകുന്നുണ്ട്. രോഹിത് തന്റെ സ്വാഭാവിക ശൈലിയിൽ സമ്മർദമില്ലാതെ കളിക്കണമെന്നും ടീം അദ്ദേഹത്തിന് ആവശ്യമായ മാനസിക ഇടം നൽകണമെന്നുമാണ് ഗംഭീറിന്റെ അഭിപ്രായം.
ടെസ്റ്റിൽനിന്ന് രോഹിത് നേരത്തേ തന്നെ വിരമിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പങ്കാളിത്തത്തെ ചൊല്ലി രോഹിത്തും സെലക്ടർമാരും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.


