ന്യൂഡൽഹി: ജയ്‌പുർ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റുചെയ്തു. ജീവനക്കാരി സബ് ഇൻസ്പെക്ടറെ അടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
സ്പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധാ റാണിയുടെ കൈവശം വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാവശ്യമായ രേഖയില്ലാത്തതിനാൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദ് ഇവരെ തടയുകയും സ്ക്രീനിങ് നടത്താൻ ആവശ്യപ്പെടുകയുംചെയ്തു.
എന്നാൽ, പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥ എത്തുംമുൻപേ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അനുരാധാ റാണി, ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയുമായിരുന്നെന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, ജീവനക്കാരിയുടെ കൈവശം മതിയായ രേഖയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ അപമര്യാദയായി സംസാരിച്ചതിനാലാണ് അവർ അടിച്ചതെന്നുമാണ് സ്പൈസ് ജെറ്റ് കമ്പനിയുടെ വാദം.