ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി, സുവർണമയൂരം സ്വന്തമാക്കി ‘സ്‌കിന്‍ ഓഫ് യൂത്ത്’

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു; സുവര്‍ണമയൂരം സ്വന്തമാക്കി 'സ്‌കിന്‍ ഓഫ് യൂത്ത്'

പനജി: 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി ആഷ്‌ലെയ് മെയ്ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്‌നാമീസ് ചിത്രം 'സ്‌കിന്‍ ഓഫ് യൂത്ത്'. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.

'എ പോയറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി. 'ഗോന്ധല്‍' എന്ന ചിത്രത്തിലൂടെ സന്തോഷ് ദാവാഖര്‍ മികച്ച സംവിധായകനായി. അകിനോല ഡേവീസ് ജൂനിയര്‍ സംവിധാനംചെയ്ത ചിത്രം 'മൈ ഫാദഴ്‌സ് ഷാഡോ'വിന് ആണ് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം 'ഫ്രാങ്ക്' എന്ന ചിത്രത്തിന് ടോണിസ് പില്‍, 'മൈ ഡോട്ടര്‍സ് ഹെയര്‍' എന്ന ചിത്രത്തിന് ഹെസം ഫറഹ്‌മന്ത് എന്നിവര്‍ പങ്കുവെച്ചു.

കരണ്‍ സിങ് ത്യാഗി ആണ് മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന്‍. ചിത്രം 'കേസരി ചാപ്റ്റര്‍ 2'. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വന്‍സണ്‍ സംവിധാനം ചെയ്ത 'സേഫ് ഹൗസ്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച വെബ് സീരീസായി 'ബാന്‍ഡിഷ് ബന്‍ഡിട്‌സ്' തിരഞ്ഞെടുത്തു.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ രജനികാന്തിനെ സമാപനചടങ്ങില്‍ ആദരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിച്ച സമാപനചടങ്ങുകളില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, രജനീകാന്ത്, ഋഷഭ് ഷെട്ടി, രണ്‍വീര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ പങ്കെടുത്തു. തായ്ലന്‍ഡ് ചിത്രം 'എ യൂസ്ഫുള്‍ ഗോസ്റ്റ്' ആയിരുന്നു മേളയുടെ സമാപനചിത്രം. രാച്ചപൂം ബൂംബുന്‍ചാച്ചോക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News