എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം: വീട്ടിലെത്തി പീഡിപ്പിച്ചെന്ന് ഡിവൈഎസ്പിക്കെതിരേ യുവതിയുടെ മൊഴി

പാലക്കാട്: ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യയില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി. അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്ന് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചെന്നും തന്നെയും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്നരീതിയിലാണ് യുവതി മൊഴിനല്‍കിയിരിക്കുന്നത്.

2014 ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. അതിനിടെ, ബിനു തോമസിന്റെ ആത്മഹത്യയില്‍ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

നവംബര്‍ 15-ന് ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് നിലവില്‍ ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. 2014-ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. പാലക്കാട് ജില്ലയിലെ ഒരു അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്. കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഉമേഷിന്റെ ഭീഷണി. അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ കേസിന്റെ വാര്‍ത്ത വരാതിക്കാരിക്കാനും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാര്‍ഗമില്ലായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിച്ചിരുന്നു.

അതേസമയം, ഡിവൈഎസ്പി ഉമേഷ് കഴിഞ്ഞദിവസം ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന യുവതിയെ അറിയില്ലെന്നും യുവതിയുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മഹത്യാകുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു.

നവംബര്‍ 15-നാണ് കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയായ ബിനു തോമസി(52)നെ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു തോമസ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയിരുന്നു. കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് ഫാനില്‍ കുടിവെള്ള പൈപ്പിന്റെ ഓസില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ശരീരം നിലത്ത് മുട്ടിയ നിലയിലായിരുന്നു. കുടുംബപ്രശ്നങ്ങളും ജോലിസംബന്ധമായ സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ആദ്യം കേബിളില്‍ തൂങ്ങിയ ബിനു തോമസ് ശ്രമം പരാജയപ്പെട്ടതിനുശേഷം കുടിവെള്ള പൈപ്പിന്റെ ഓസില്‍ തൂങ്ങുകയായിരുന്നെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News