നവീകരണത്തിന് വീടിന്റെ തറ പൊളിച്ചപ്പോള്‍ ലഭിച്ചത് മൂന്ന് അസ്ഥികൂടങ്ങള്‍! ഒടുവില്‍ ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിച്ച് പോലീസ്

ഹരിയാന: വീടിന്റെ നവീകരണത്തിന് തറ പൊളിച്ചപ്പോള്‍ മൂന്ന് പേരുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ. ഹരിയാനയിലെ ശിവനഗറില്‍ രണ്ടര വര്‍ഷം മുന്‍പ് വാങ്ങിയ വീട് പുതുക്കിപ്പണിയുന്നതിന് ഇടയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

വീടിന്റെ ഇപ്പോഴത്തെ ഉടമയായ സരോജ എന്ന സ്ത്രീ 2017ലാണ് പവന്‍ എന്ന വ്യക്തിയില്‍ നിന്നും വീട് വാങ്ങുന്നത്. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് പവന്‍ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി വിവരങ്ങള്‍ ഒന്നും കിട്ടിയില്ല.

തുടര്‍ന്നാണ് ഇയാള്‍ വീടുവാങ്ങിയ അഹ്‌സാന്‍ സെയ്ഫി എന്ന വ്യക്തിയിലേക്ക് അന്വേഷണം എത്തിയത്. ഇയാളെ പിടികൂടിയതോടെ ക്രൂരമായ മൂന്ന് കൊലപാതകങ്ങളുടെ കഥയാണ് പുറംലോകം അറിഞ്ഞത്. അഹ്‌സാന്‍ തന്റെ രണ്ടാം ഭാര്യയെയും മകനെയും 15 വയസുള്ള ഒരു ബന്ധുവിനെയുമാണ് കൊന്ന് വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടിയത്.

ആദ്യ വിവാഹം മറച്ചുവച്ചായിരുന്നു ഇയാള്‍ നസ്നീന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. അപ്പോഴും ആദ്യ ഭാര്യയുമായെയും മക്കളെയും കാണാന്‍ ഇയാള്‍ പോകുമായിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞാണ് രണ്ടാം ഭാര്യയായ നസ്‌നീന്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ ഇവര്‍ തമ്മില് ഇതേച്ചൊല്ലി തര്‍ക്കങ്ങളും വാഗ്വാദങ്ങളും ഉണ്ടായി. തുടര്‍ന്ന് ആദ്യ ഭാര്യയെ കാണാന്‍ പോകുന്നത് രണ്ടാം ഭാര്യ തടഞ്ഞതോടെയാണ് ഇവരെ ഒഴിവാക്കാന്‍ അഹ്‌സാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന്, 2016 നവംബറില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് രണ്ടാം ഭാര്യയെയും കുഞ്ഞിനെയും ബന്ധുവിനെയും ഇയാള്‍ കൊലപ്പെടുത്തി. പിന്നീട് വീടിന്റെ തറ പൊളിച്ച് മൃതദേഹങ്ങള്‍ അതിലിട്ട് മൂടുകയായിരുന്നു. പിന്നീട് വീട് പവന്‍ എന്ന വ്യക്തിക്ക് വീട് വില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ യുപിയിലേക്ക് പോയ ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ച് ജീവിക്കുന്നതിനിടയിലാണ് കൊലപാതകം പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News