തിരുവനന്തപുരം: സുമതി വളവിലെ വനത്തില്‍ പ്രതിയെ തിരഞ്ഞ് ഇറങ്ങിയ പോലീസ് അജ്ഞാതന്റെ അസ്ഥികൂടം കണ്ടെടുത്തു. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതി വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളില്‍ മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. മൃതദേഹത്തിന് ഏതാണ്ട് മൂന്ന് മാസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.
ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയില്‍ എത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണോ ഇതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വലിയമല സ്വദേശിയുടെ ഫോണ്‍ നമ്പറും പോലീസ് കണ്ടെത്തി. അസ്ഥികൂടം പാലോട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേത് ആകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അത്മഹത്യ ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഡിഎന്‍എ പരിശോധനകളും മറ്റും നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് പാങ്ങോട് പോലീസ് പറഞ്ഞു. സുമതി വളവില്‍ വനത്തിനുള്ളില്‍ അഞ്ജാത മൃതദേഹങ്ങള്‍ കാണപ്പെടുന്നത് പതിവാണ്. സംഭവത്തില്‍ പാങ്ങോട് പോലീസ് അന്വേക്ഷണം ആരംഭിച്ചു.