കാസര്‍ഗോഡ് ജില്ലയില്‍ പുതിയതായി ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ പുതിയതായി ആറു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 14 ആയി. ജില്ലയില്‍ പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ച ആറു പേരും ദുബായില്‍ നിന്ന്
വന്നവരാണ്.

ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാല്‍, കളനാട്, തളങ്കര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍. ഇതില്‍ രണ്ടു പേരെ ജനറല്‍ ആശുപത്രിയിലും നാലുപേരെ ജില്ലാശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതു ഇടങ്ങളില്‍ പെരുമാറിയെന്ന കുറ്റത്തിന് കൊറോണ സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 269 വകുപ്പ് പ്രകാരമാണ് കേസ്. ആറു മാസം വരെ കഠിന തടവ് കിട്ടാവുന്ന വകുപ്പാണ് ഇത്.

ഇയാളുടെ പ്രാഥമിക സഞ്ചാര പാതയാണ് ഇതിനകം ജില്ലാ ഭരണകൂടം പുറത്തു വിട്ടത്. ഇത് പ്രകാരം സമ്പര്‍ക്ക പട്ടിക തയാറാക്കി ആളുകളെ നിരീക്ഷണമേര്‍ത്തുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി സമ്പര്‍ക്കപ്പട്ടിക വിപുലമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News