കൊല്ലം:ജില്ലയിൽ 6 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
P 53 കൊല്ലം അരിയനല്ലൂർ സ്വദേശി 22 വയസുള്ള യുവാവാണ്. മെയ് 20 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട സ്പെഷൽ ട്രെയിനിൽ 22 ന് തിരുവനന്തപുരത്ത് എത്തി. തുടർന്ന് കെ.എസ് ആർ ടി.സി സ്പെഷൽ സർവീസിൽ പുനലൂരിലെത്തുകയും അവിടെ സ്ഥാപന നിരീക്ഷണത്തിൽ തുടരുകയുമായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ മെയ് 27 ന് സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനാൽ മെയ് 30 രാത്രിയോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
P 54 തൃക്കോവിൽവട്ടം കണ്ണനല്ലൂർ കുരീപ്പള്ളി സ്വദേശിയായ 28 കാരിയാണ്. മുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്നും മെയ് 25 ന് ഡെൽഹി -തിരുവനന്തപുരം രാജ്ധാനി എക്സ്പ്രസിൽ 26ന് തിരുവനന്തപുരത്ത് എത്തിയ ഇവരെ കെ.എസ് ആർ ടി സി യിൽ കൊല്ലത്തും തുടർന്ന് ആംബുലൻസിൽ കരിക്കോട് എത്തിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ച ഇവർക്ക് മെയ് 28ന് രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
P55 നാൽപത്തിയാറു വയസ്സുള്ള ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിയാണ്. ജീവിത വൃത്തിക്കായി കപ്പലണ്ടിക്കച്ചവടം നടത്തുന്ന കുടുംബമാണ്. ലോക്ക് ഡൗൺ കാലയളവിൽ കച്ചവടം നടന്നില്ല. ആ സമയം രോഗ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയിരുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കാത്തതിനാൽ മെയ് 13ന് തിരികെ വന്നു. എന്നാൽ തിരുവനന്തപുരത്ത് ഇതേ വ്യാപാരം നടത്തുന്ന സഹോദരന്റെ ഭാര്യയോടൊപ്പം ഇവർ തമിഴ്നാട്ടിലെ തിരിച്ചത്തൂരിൽ പോയി.
ഈ യാത്രാചരിതത്തിന്റെയും തമിഴ്നാട്ടുകാരുമായി ഇയാൾക്ക് വ്യാപാരസമ്പർക്കമുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെയും അടിസ്ഥാനത്തിൽ ജില്ലയിൽ ഒരു ദിവസം 300 സാമ്പിൾ എടുത്ത സ്പെഷൽ സർവെയ്ലൻസിന്റെ ഭാഗമായി ഇയാളുടെയും സാമ്പിൾ മെയ് 28ന് എടുത്തു. പോസിറ്റീവായതോടെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
P56 മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ 54 കാരനാണ്. ഇദ്ദേഹം മെയ് 20ന് കുവൈറ്റിൽ നിന്നും എയർ ഇൻഡ്യ എക്സ്പ്രസിൽ തിരുവനന്തപുരത്തെത്തി.തുടർന്ന് കെ.എസ് ആർ ടി സി യിൽ നിലമേൽ എത്തിയശേഷം അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ മെയ് 28ന് സാമ്പിൾ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനാൽ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
P57 തലവൂർ സ്വദേശിയായ 23 കാരനാണ്. മെയ് 26 ന് മുംബെെ താനെയിൽ നിന്നും സ്പെഷൽ ട്രെയിനിൽ പുറപ്പെട്ടു. 27 ന് പുലർച്ചെ എറണാകുളത്തു നിന്നും കെ.എസ്ആർ.ടിസിയിൽ കരുനാഗപ്പള്ളി വഴി കൊല്ലത്ത് എത്തിയ ഈ യുവാവ് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻറെയിനിലിരിക്കെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ 26ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത ഇളമ്പൽ സ്വദേശി (P47) എറണാകുളത്ത് വച്ച് മോഹാലസ്യപ്പെടുകയും രോഗം സ്ഥിരീകരിച്ചതിനാൽ നിലവിൽ പാരിപ്പള്ളിയിൽ ചികിത്സയിലുമാണ്.
മെയ് 23 ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി (P-33) അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നൽകിയ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞും സാമ്പിൾ പരിശോധനയിൽ കോവിഡ് പോസിറ്റീവാണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ് P 58.
ഇതോടെ നിലവിൽ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.