ചാലക്കുടി: മുംബൈയില്‍ താമസിക്കുന്ന തൃശൂര്‍ പരിയാരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഒരു മാസത്തിനിടെയാണ് കുടുംബത്തിലെ ആറുപേരുടെ ജീവന്‍ കൊവിഡ് എടുത്തത്.
പടിഞ്ഞാക്കര വീട്ടില്‍ പരേതനായ പി.കെ. പോളിന്റെ ഭാര്യ സെലീന (88), മൂത്ത മകളും കൊട്ടേക്കാട് പല്ലന്‍ പൊറിഞ്ചുവിന്റെ ഭാര്യയുമായ വത്സ (64), രണ്ടാമത്ത മകളും പുതുക്കാട് പുളിക്കന്‍ വില്‍സന്റെ ഭാര്യയുമായ ഗ്രേയ്‌സി (62), മകന്‍ ജോളി (58), മകള്‍ വത്സയുടെ മകന്‍ ടോണി (36) പോളിന്റെ സഹോദരന്‍ ദേവസ്സി (86) എന്നിവരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, മരുന്ന് ലഭ്യമായിരുന്നില്ലെന്നാണ് നാട്ടില്‍ ലഭിച്ച വിവരമെന്ന് പരിയാരത്തുള്ള ബന്ധുക്കള്‍ ആരോപിച്ചു. വാക്സിനും ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. വത്സ ഏപ്രില്‍ എട്ടിനും ടോണി 16-നും ദേവസ്സി 22-നും ഗ്രേയ്‌സി 24-നുമാണ് മരിച്ചത്. സെലീന മേയ് അഞ്ചിനും ജോളി 12-നും മരണപ്പെടുകയായിരുന്നു.
വത്സയുടെയും ഗ്രേയ്‌സിയുടെയും ഭര്‍ത്താക്കന്മാര്‍ക്കും മകന്‍ ജോളിയുടെ ഭാര്യ റീനയ്ക്കും ഇവരുടെ മകന്‍ റോണിക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തി നേടിയ. മുംബൈയില്‍ അടുത്തടുത്തായാണ് ഇവരെല്ലാം താമസമാക്കിയത്. ടോണിക്കാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് മറ്റുള്ളവര്‍ക്കും രോഗം പകരുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോളും സഹോദരന്‍ ദേവസ്സിയും മുംബൈയിലേക്ക് ജോലിതേടി പോയത്. മുംബൈയില്‍ യുണൈറ്റഡ് മോട്ടോഴ്‌സിലായിരുന്നു ജോലി. മക്കളും മുംബൈയില്‍ ജോലിക്കാരായിരുന്നു. പോള്‍ ഏതാനും വര്‍ഷം മുമ്പ് മരിച്ചു.