കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ആവര്‍ത്തിച്ച് എം ശിവശങ്കര്‍. അധികാര ദല്ലാള്‍ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിര്‍ത്താത്തത് എന്റെ പിഴ , സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല, ഇതാണ് എന്‍ഐഎ ഉദ്യോഗസ്ഥരോട് എം ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
സ്വപ്ന സുരേഷില്‍ നിന്ന് 50000 രൂപ എം ശിവശങ്കര്‍ വാങ്ങിയതിനേക്കുറിച്ചും എന്‍എഐ വിശദാംശങ്ങളാരാഞ്ഞു. സാമ്പത്തിക പ്രയാസം ഉണ്ടായപ്പോള്‍ പണം കടം വാങ്ങിയത് സത്യമാണ്. അത് കടമായി തന്നെയാണ് കൈപ്പറ്റിയത്. തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി കൊച്ചിയിലെത്തിയപ്പോള്‍ സ്വപ്നയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം കുടുംബാംഗങ്ങള്‍ താമസിച്ച അതേ ഹോട്ടലില്‍ തന്നെയാണ് ആദ്യ ദിവസ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ താമസിപ്പിച്ചത്. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എന്‍ഐഎ അധികൃതര്‍ എടുത്ത് നല്‍കിയ മുറിയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ തന്നെയാണ് എം ശിവശങ്കര്‍ താമസിച്ചത് .
അതേസമയം സ്‌പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തില്‍ ശിവശങ്കറിന്റെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. തിരുവനന്തപുരത്ത് വച്ചുള്ള മൊഴിയെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ട എന്‍ഐഎ ഉദ്യോഗസ്ഥര്‍ കേസില്‍ വളരെ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.
കൊച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ കഴിയുന്നതോടെ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുമെന്ന കണക്ക് കൂട്ടലിലാണ് എന്‍ഐഎ അധികൃതര്‍. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ഡിജിറ്റല്‍ തെളിവുകളുടെ കൂടി സഹായത്തോടെ കുരുക്കഴിച്ചാണ് അന്വേഷണം മുന്നേറുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളക്കം വിശദമായി പരിശോധിക്കുന്നുമുണ്ട്.