നാല് മാസം നീണ്ട അന്വേഷണത്തില്‍ ശിവശങ്കര്‍ കുടുങ്ങിയത് ആ ഒറ്റ ചോദ്യത്തില്‍ : ഉയരങ്ങളില്‍ നിന്നുള്ള ശിവശങ്കരന്റെ വീഴ്‌ച്ച വളരെ വലുത്

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തില്‍ ശിവശങ്കര്‍ കുടുങ്ങിയത് 94-ാം ചോദ്യത്തില്‍. അഭ്യൂഹങ്ങള്‍, വിവാദങ്ങള്‍, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ ചോദ്യമാണ്.’സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് താങ്കള്‍ മുന്‍പ് പറഞ്ഞത്.

ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന എത്ര തുകയാണ് വേണുഗോപാലിന് കൈമാറിയതെന്ന് അറിയില്ലെന്നും താങ്കള്‍ പറഞ്ഞു. ലോക്കര്‍ ഇടപാടുകള്‍ ഓരോന്നും വേണുഗോപാല്‍ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാല്‍, വേണുഗോപാല്‍ നല്‍കിയ മൊഴികളും നിങ്ങള്‍ തമ്മിലുള്ള വാട്സപ്പ് സന്ദേശങ്ങളും താങ്കളുടെ മൊഴികള്‍ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്നു.’ 94-ാം ചോദ്യമിതാണ്.

ജൂലൈ അഞ്ചാം തീയതി രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് കസ്റ്റംസ് അന്വേഷണത്തിന്റെ തുമ്പ് പിടിച്ച്‌ ശിവശങ്കറിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കര്‍ പിടിച്ചു നിന്നു. എന്നാല്‍, 94-ാം ചോദ്യത്തില്‍ ഇയാള്‍ നല്‍കിയ അവ്യക്തമായ ഉത്തരമാണ് അറസ്റ്റിലേക്കു നയിച്ചത്.’മുന്‍ ഉത്തരങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സ്‌ആപ്പ് സന്ദേശം നിങ്ങളെന്നെ കാണിച്ചു.

അതായിരിക്കാം കൈമാറിയ തുക. മുന്‍ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയപ്പോള്‍, പരിശോധിക്കാനായി വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ എന്റെ കൈവശം ഉണ്ടായിരുന്നില്ല. അതു കൊണ്ട്, ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് വാദം പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയില്ല. ലോക്കറിന്റെ ഇടപാടുകള്‍ വേണുഗോപാല്‍ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സ്‌ആപ്പ് സന്ദേശങ്ങള്‍.’ എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News