കൊച്ചി: പാര്‍ട്ടിയാണ് പിണറായി വിജയനെ നയിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 23-ാം സംസ്ഥാന സമ്മേളനത്തിലെ നവകേരള വികസന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചതിനെ സിപിഐഎമ്മിന്റെ നയപരിപാടികളില്‍ നിന്നുള്ള വ്യതിചലനമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി പരിപാടിക്ക് അനുസരിച്ചുള്ള വികസനരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
പിണറായി വിജയന്റെ രേഖയിലുള്ളത് നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനമാണെന്നും കാലത്തിന്റെ ചുവരെഴുത്തുകള്‍ കൃത്യമായി വായിക്കുകയെന്നത് മാര്‍ക്സിയന്‍ രീതി ശാസ്ത്രമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. പിബി അംഗമെന്ന നിലയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. സര്‍ക്കാരല്ല, പാര്‍ട്ടി കോണ്‍ഗ്രസാണ് ഈ നയരേഖയില്‍ അന്തിമ തീരുമാനമെടുക്കുക. അതിന് ശേഷം ഇടതുമുന്നണിയിലെ ചര്‍ച്ചയ്ക്കൊടുവിലാണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുക. പിണറായിക്ക് ശേഷം ആരെന്ന ചോദ്യം സിപിഐഎമ്മിനെ അലട്ടുന്നില്ല’- യെച്ചൂരി പറഞ്ഞു.
‘സംസ്ഥാന നേതൃനിരയിലേക്ക് പുതിയമുഖങ്ങള്‍ വന്നുകഴിഞ്ഞു. അടുത്തമാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സമാന മാറ്റങ്ങളുണ്ടാകും. പി കൃഷ്ണപിള്ളയ്ക്കും എകെജിക്കും ഇഎംഎസിനും നായനാര്‍ക്കുമൊക്കെ ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. വിഎസിന് ശേഷം ആരെന്നും ചോദ്യമുണ്ടായി. അപ്പോഴൊക്കെ കൃത്യമായ ഉത്തരം കൊടുക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ട് പിണറായി അനന്തരകാലം എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ല’- യെച്ചൂരി കൂട്ടിച്ചേര്‍ത്തു.