ന്യൂഡല്‍ഹി: ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ് യെച്ചൂരി ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
പലസ്തീനികള്‍ക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎൻ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം’- യെച്ചൂരി കുറിച്ചു.
ഇന്നു രാവിലെ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ സൈനികരെയും സാധാരണക്കാരായ പൗരന്മാരെയും വിദേശികളെയും ഹമാസ് ബന്ദികളാക്കി. ബന്ദികളില്‍ ചിലരെ ഹമാസ് വിധിച്ചതായും വിവരമുണ്ട്.
റോക്കറ്റ് ആക്രമണത്തിനു പുറമെ, 200 മുതല്‍ 300 വരെ ഹമാസ് പോരാളികള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയും ആക്രമണം നടത്തി. ആയിരം പേര്‍ വരെ നുഴഞ്ഞുകയറിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതിനകം നൂറിലധികം ഇസ്രായേലികള്‍ക്കാണ് ജീവൻ നഷ്ടമായത്. സമീപകാലത്ത് ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സൈനിക പോസ്റ്റുകളും ഇവര്‍ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായേല്‍ പകച്ചുപോയതോടെയാണ് സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്.
അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ശനിയാഴ്ച രാവിലെ മുതല്‍ ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്.