ഇസ്രയേല്‍-പലസ്തീൻ സംഘർഷം; ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക
ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു
ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തി. 750 പേര്‍ക്ക് പരിക്കേറ്റു. അയ്യായിരം റോക്കറ്റുകളാണ് ഇസ്രായേലിനെ നേരെ തൊടുത്തത്.
യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ ഗാസയിൽ പ്രത്യാക്രമണം തുടങ്ങി. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്‍റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നു.
ഇസ്രായേലിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുർഘടസമയത്ത് ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇസ്രായേൽ ഹമാസ് സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ.
സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ ഇസ്രായേലിലെ ഇന്ത്യാക്കാർക്കുള്ള ജാഗ്രതാ നിർദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷമേഖലയിൽ ഉള്ളവർ ഏറെ കരുതലോടെ കഴിയണം, പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം, സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേങ്ങള്‍.
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളത്തിലും വിവിധ ഇന്ത്യൻ ഭാഷകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രായേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.