ഭോപാല്‍: പവര്‍കട്ട് കാരണം അലങ്കോലമായത് സഹോദരിമാരുടെ വിവാഹചടങ്ങ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വൈദ്യുതി നിലച്ചതു കാരണം വിവാഹചടങ്ങിനിടെ വരന്മാര്ക്ക് പരസ്പരം വധുവിനെ മാറിപ്പോയത്. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവിച്ച അമളി ഇവർക്കു മനസിലായത്.
ഞായറാഴ്ചയായിരുന്നു ഉജ്ജ്വയിനിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം. വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു ഇവരുടെ വരന്മാര്. എന്നാല്‍, വിവാഹചടങ്ങിനിടെ വൈദ്യുതി പോയതോടെ വധുക്കളും വരന്മാരും പരസ്പരം മാറിപ്പോവുകയായിരുന്നു.
രണ്ട് യുവതികളും മുഖാവരണം ധരിച്ച് ഒരേരീതിയിലുള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലുണ്ടായിരുന്നത്. ഇതാണ് മാറിപ്പോകാന്‍ കാരണായത്. ഇക്കാര്യമറിയാതെ വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചയാള്‍ വരന്മാരുടെയും വധുക്കളുടെയും കൈപിടിച്ച് വലംവെയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ചടങ്ങ് പൂര്‍ത്തിയാക്കി വരന്മാര് അവരവരുടെ വീടുകളില്‍ എത്തിയപ്പോഴാണ് കല്യാണപ്പെണ്ണ് മാറിപ്പോയ കാര്യം മനസിലായത്. സംഭവത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളുണ്ടായെങ്കിലും ഇത് പിന്നീട് പരിഹരിച്ചെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. പിറ്റേദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ നടത്താനായിരുന്നു നിര്‍ദേശം.
രണ്ടു മക്കളും വിവാഹം കഴിച്ചത് നേരത്തെ നിശ്ചയിച്ച യുവാക്കളെയാണെന്നും ഇതിനുശേഷമുള്ള ചടങ്ങുകള്‍ക്കിടെയാണ് പരസ്പരം മാറിപ്പോയതെന്നും യുവതികളുടെ പിതാവ് രമേശും പ്രതികരിച്ചു. രണ്ടുമക്കളും ഒരേ വസ്ത്രം ധരിച്ചതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.