കൊച്ചി : കാക്കനാട് വാഴക്കാലയിലെ മഠത്തിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ് മോർട്ടം പൂര്‍ത്തിയായി.
ശരീരത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്നും അതിന്‍റെ ഫലം കൂടി ലഭിച്ചാലെ മരണകാരണം കണ്ടെത്താനാകൂവെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. അതിനിടെ, സിസ്റ്റര്‍ ജസീനക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്നാണ് വിവരം. കന്യാസ്ത്രീ ചികിത്സ തേടിയ ആശുപത്രിയില്‍ നിന്ന് പൊലീസ് രേഖകള്‍ ശേഖരിച്ചു.
കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് സെന്‍റ് തോമസ് കോണ്‍വന്‍റിലെ കന്യാസ്ത്രീ ഇടുക്കി കോരുത്തോട് കുരിശുംമൂട്ടില്‍ വീട്ടില്‍ ജെസീനയെയാണ് (44) ദുരൂഹ സാഹചര്യത്തില്‍ സമീപത്തെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരെ ഞായറാഴ്ച രാവിലെ 11 മുതല്‍ കാണാതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍വന്‍റ് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കോണ്‍വന്‍റ് അധികൃതര്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് മഠത്തിന് പിന്നിലുള്ള പാറമടയില്‍ മൃതദേഹം കണ്ടത്. പായല്‍ നിറഞ്ഞ പാറമടക്കുളത്തില്‍ പൂര്‍ണമായി മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം.
2018ലാണ് ജെസീന സെന്‍റ് തോമസ് കോണ്‍വന്‍റിലെത്തിയത്. ജെസീന മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2011 മുതല്‍ ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.