എന്തുപറ്റി എന്തെങ്കിലും അസുഖമാണോ? വണ്ണം കുറഞ്ഞപ്പോള്‍ നേരിട്ട ചോദ്യത്തെ കുറിച്ച് രശ്മി സതീഷ്
നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയയായ ഗായികയാണ് രശ്മി സതീഷ്. ഇപ്പോള്‍ രശ്മി സതീഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ശരീരഭാരം വളരെയധികം കുറച്ച് സ്ലിം ബ്യൂട്ടി ആയ രശ്മിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ രശ്മിയുടെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് തടി കുറഞ്ഞതിന്റെ രഹസ്യം ചോദിച്ച് എത്തിയത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് തുറന്നു പറയുകയാണ് രശ്മി.
”ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ ചിലര്‍ ഇത് മേക്കോവര്‍ ആണെന്ന രീതിയില്‍ അതിനെ സമീപിച്ചു. മറ്റു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ഇത് എന്തെങ്കിലും രോഗമാണോ എന്നായിരുന്നു. എനിക്ക് എന്തുപറ്റി എന്നായിരുന്നു അവരുടെ ആശങ്ക. എന്നോടുള്ള കരുതല്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ ചോദിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏകദേശം പത്തുകിലോയില്‍ അധികം ഭാരം കുറഞ്ഞു എന്നാണ് എന്റെ വിശ്വാസം. അത് ഡയറ്റ് ചെയ്തോ വ്യായാമം ചെയ്തോ കുറഞ്ഞതല്ല. ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വന്നപ്പോള്‍ അത് ശരീരത്തില്‍ പ്രതിഫലിച്ചു എന്നു മാത്രം.
വണ്ണം കുറച്ചതിന്റെ ടിപ്സ് എന്താണെന്നു കുറേ പേര്‍ ചോദിച്ചിരുന്നു. അതിനു പക്ഷേ പ്രത്യേകിച്ചൊരു ഉത്തരം പറയാനില്ല. ഡിസംബറില്‍ ഒരു ചെറിയ ടൂ വീലര്‍ അപകടം സംഭവിച്ച് അതിജീവിച്ചു വരുമ്പോഴാണ് ലോകത്ത് കൊവിഡിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയത്. അങ്ങനെ കുറേ ഒഴിവു കാലം കിട്ടി. പ്രത്യേകിച്ചു തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഹോട്ടലില്‍ നിന്നു ആഹാരം വാങ്ങാതായപ്പോള്‍ ഭക്ഷണക്രമത്തിലും മാറ്റം വന്നു. സസ്യാഹാരം മാത്രമാണ് കൂടുതലായും കഴിച്ചത്. അങ്ങനെ ഇക്കാര്യങ്ങളെല്ലാം ചേര്‍ന്നപ്പോള്‍ ഞാനറിയാതെ ശരീരത്തില്‍ മാറ്റങ്ങള്‍ വന്നു. അല്ലാതെ മന:പൂര്‍വം വണ്ണം കുറക്കാന്‍ ശ്രമിച്ചിട്ടില്ല.” – രശ്മി സതീഷ് പറയുന്നു.