31.1 C
Kottayam
Saturday, May 18, 2024

ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം; സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജ്വല്ലറി ഉടമ

Must read

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവുമായി ഉടമ തന്നെ രംഗത്തെത്തി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, സ്വര്‍ണം പലയിടങ്ങളില്‍ നിന്ന് വാങ്ങിയത് തിരിച്ചുകൊടുത്തിട്ടില്ലെന്ന് പോലീസിനോട് ചില സ്വര്‍ണ വ്യാപാരികള്‍ പരാതി പറയുകയും ചെയ്തു. ജ്വല്ലറി തുരന്നിട്ടുണ്ടെന്നത് സത്യം. പക്ഷേ, സ്വര്‍ണം പോയെന്ന വാദം തെറ്റ്. ഈ നിഗമനത്തിലാണ് പോലീസ്. ഇനി, ജ്വല്ലറി തുരന്നത് ആരാണെന്ന് കണ്ടുപിടിക്കുകയാണ് പോലീസിന്റെ പണി.

ജ്വല്ലറിയില്‍ ഈയടുത്ത കാലത്തൊന്നും ആരും സ്വര്‍ണം വാങ്ങാന്‍ വന്നിട്ടില്ല. സമീപ സ്ഥലത്തെല്ലാം പോലീസ് അന്വേഷിച്ചു. ജ്വല്ലറി ഉടമയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങളുണ്ട് താനും. അന്‍പതു ലക്ഷം രൂപയുടെ ഓവര്‍ഡ്രാഫ്റ്റുണ്ട്. സാമ്പത്തിക ബാധ്യതകളും. രണ്ടു കാര്യങ്ങളാണ് വ്യക്തത വരുത്തേണ്ടത്. ജ്വല്ലറി തുറന്നത് പുറമെ നിന്നുള്ള കള്ളന്‍ ആണോ. അതോ, ജ്വല്ലറി ഉടമ തന്നെ സൃഷ്ടിച്ച നാടകമാണോ. ഭിത്തി തുരന്നത് കണ്ട ഉടനെ ഉടമയുടെ മനസില്‍ തോന്നിയ ആശയമാണോ മൂന്നരക്കിലോയുടെ സ്വര്‍ണം നഷ്ടപ്പെട്ട കഥ.

അന്വേഷണം തുടരുകയാണ്. ജ്വല്ലറിയുടെ ഭിത്തി തുരന്നതിലും സംശയങ്ങള്‍ ബാക്കി. ഒരാള്‍ക്ക് കടക്കാന്‍ പാകത്തിലാണോ ഈ ദ്വാരമെന്ന് സംശയമുണ്ട്. ദ്വാരത്തിലൂടെ കടന്നാല്‍ ആ കടക്കുന്ന ആളുടെ ചര്‍മം ഉരഞ്ഞ് അതിന്റെ അംശം ഭിത്തിയില്‍ പറ്റാന്‍ സാധ്യതയുണ്ട്. ദ്വാരത്തിലൂടെ കടക്കുന്നയാളുടെ രോമമെങ്കിലും അതില്‍ തടയും. അതും ഉണ്ടായിട്ടില്ല. ഫൊറന്‍സിക് വിദഗ്ധര്‍ അതെല്ലാം പരിശോധിച്ചു വരികയാണ്.

ഉടമ പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടെങ്കിലും കേസെടുക്കാന്‍ കോടതിയുടെ അനുമതി വേണം. ജ്വല്ലറി ഉടമ കളിച്ച നാടകം പോലീസിന് ബോധ്യപ്പെട്ടു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജ്വല്ലറി ഉടമ തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ജ്വല്ലറിയ്ക്കുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു.

സാധാരണ തറയില്‍ മാത്രമാണ് മുളകുപൊടി വിതറാറുള്ളത്. ഇതു മേശപ്പുറത്തു വരെ മുളകുപൊടി വിതറിയിരുന്നു. ഇതും സംശയങ്ങള്‍ക്കിട നല്‍കുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന വസ്തുതയും മറ്റൊരു സംശയമാണ്. കയ്പമംഗലം മൂന്നുപീടിക ജ്വല്ലറി കവര്‍ച്ചയില്‍ അടിമുടി സംശയങ്ങള്‍ തുടരുകയാണ്. സ്വര്‍ണം പോയിട്ടില്ലെന്ന് വ്യക്തമായതോടെ ഇനിയുള്ള അന്വേഷണം ഭിത്തി തുരന്നത് ആരാണെന്ന് കണ്ടെത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week