സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളോട് ശക്തമായി പ്രതികരിച്ച് ഗായിക ജ്യോത്സ്‌ന. എല്ലാം തികഞ്ഞ സ്ത്രീയും പുരുഷനും ഈ ലോകത്തില്‍ സങ്കല്‍പം മാത്രമാണെന്നും യാഥാര്‍ഥ്യം അതൊന്നുമല്ലെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജ്യോത്സ്‌ന വ്യക്തമാക്കുന്നു. എല്ലാം തികഞ്ഞവരായിരിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാം ചെയ്യാന്‍ സാധിച്ചില്ല എന്നു കരുതി ആരും കുറഞ്ഞവരുമല്ല എന്നും ഗായിക വിശദമാക്കി.
ജ്യോത്സ്‌നയുടെ സമൂഹമാധ്യമ കുറുപ്പിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട സ്ത്രീകളെ,
പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നില്ലെങ്കിലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല.
കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. ആഹാരത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ തെറ്റില്ല.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.
നിങ്ങളുടെ ശരീരത്തില്‍ ഒരു കിലോ കൂടുന്നതോ പ്രധാനപ്പെട്ട ഏതെങ്കിലും പദ്ധതികള്‍ മുടങ്ങുന്നതോ ഒന്നുമല്ല നിങ്ങള്‍ ആരാണെന്നു നിശ്ചയിക്കുന്ന ഘടകങ്ങള്‍.
നിങ്ങള്‍ സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്.
പരിപൂര്‍ണതയിലേയ്ക്ക് എത്തിപ്പെടാന്‍ നിങ്ങള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്. ഈ വാക്കുകള്‍ ഇന്ന് ആര്‍ക്കെങ്കിലും പ്രചോദനമാകുമെങ്കില്‍ അങ്ങനെയാകട്ടെ.