വീണ്ടും മിണ്ടാപ്രാണികളോട് കൊടുംക്രൂരത; വീട്ടില്‍ വളര്‍ത്തിയിരുന്ന പ്രാവുകളെ കഴുത്ത് ഒടിച്ചും തലയറുത്തും കൊന്നു!

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പ്രാവുകളെ തലയറുത്ത് കൊന്നു. അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവര്‍ വളര്‍ത്തുന്ന മുപ്പത്തിയഞ്ച് പ്രാവുകളോടാണ് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി താനൂര്‍ പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി 10ന് ശേഷമാണ് ഈ മിണ്ടാപ്രാണികളോട് പ്രതികള്‍ കൊടും ക്രൂരത കാട്ടിയത്. ബിലാലും തുഫൈലും ചേര്‍ന്ന് രണ്ട് വര്‍ഷമായി പ്രാവിനെ വളര്‍ത്തുന്നുണ്ട്. തുഫൈലും കുടുംബവും ബന്ധുവീട്ടിലെ വിവാഹ ചടങ്ങിന് പോയ തക്കം നോക്കിയാണ് പ്രതികള്‍ പ്രാവുകളെ കൊന്നത്. പക്ഷികളുടെ കഴുത്ത് ഒടിച്ചും അറുത്തുമായിരുന്നു ക്രൂരത. വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനായി കൂടിന് അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഇവര്‍ക്ക് താങ്ങാനായില്ല.

മല്‍സരങ്ങളിലടക്കം വിജയികളായ അപൂര്‍വയിനം പ്രാവുകളാണ് നഷ്ടമായത്. ഇവരുടെ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഞ്ചുടി സ്വദേശികളായ രണ്ട് യുവാക്കള്‍ ഇവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രാവുകളെ അപഹരിക്കും എന്ന് പറഞ്ഞതായും ഇവര്‍ താനൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിലായതിനാല്‍ പിടികൂടാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News