ലോ കോളേജില്‍ പരിപാടിക്കെത്തിയ ഗായിക അഭിരാമി സുരേഷിനെ കൂവലോടെ സ്വീകരിച്ച് വിദ്യാര്‍ത്ഥികള്‍; കൂവല്‍ കൈയ്യടിയായി സ്വീകരിക്കുന്നുവെന്ന് അഭിരാമി
കൊച്ചി: എറണാകുളം ലോ കോളജില്‍ നടത്തിയ ഫ്രഷേഴ്സ് ഡേ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗായിക വീഡിയോ പങ്കിട്ടത്. അഭിരാമി വേദിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂവലോടെയാണ് സ്വീകരിച്ചത്.
പ്രസംഗത്തിനിടെ വിദ്യാര്‍ഥികള്‍ കൂവിയപ്പോള്‍ എല്ലാവരും ഒരുമിച്ച് ഒരിക്കല്‍ കൂടെ അതേ ശബ്ദമുണ്ടാക്കാമോ എന്ന് അഭിരാമി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂവല്‍ കൈയ്യടിയായാണു താന്‍ സ്വീകരിക്കുന്നതെന്നു ഗായിക പറഞ്ഞു. സെന്റ് തെരേസാസില്‍ പഠിച്ചിരുന്ന കാലത്ത് ലോ കോളജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വഴിയില്‍ വച്ച് റാഗ് ചെയ്തിട്ടുണ്ടെന്ന കാര്യവും തമാശ രൂപേണ അഭിരാമി പങ്കുവെച്ചിട്ടുണ്ട്.
ലോ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു കുറിച്ചാണ് അഭിരാമി പഴയകാല വിഡിയോ പങ്കുവച്ചത്. യാതൊരുവിധ ലിംഗവിവേചനവുമില്ലാതെ, ഉത്സാഹത്തോടും ധൈര്യത്തോടും കൂടെ പെരുമാറുന്ന വിദ്യാര്‍ഥികളാണ് ലോ കോളജിലേതെന്നു ഗായിക കുറിക്കുന്നു.