33.4 C
Kottayam
Saturday, May 4, 2024

സിൽവർ ലൈൻ: കേന്ദ്രാനുമതി ഇല്ലാതെ സർവേ എങ്ങനെയെന്ന് ഹൈക്കോടതി

Must read

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനും സർവേയ്ക്കും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ സർവേ തുടരുന്നതെങ്ങനെയെന്ന് ഹൈക്കോടതി.

കെ-റെയിൽ കമ്പനി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണെന്നിരിക്കെ കേന്ദ്ര അനുമതിയില്ലാതെ എങ്ങനെ സർവേ നടത്താനാവും? ഇക്കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വിശദീകരണം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

കെ-റെയിൽ എന്നു രേഖപ്പെടുത്തിയ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

സർവേ നടത്താനോ കല്ലുകൾ സ്ഥാപിക്കാനോ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സ്റ്റേറ്റ്‌മെന്റ് നൽകിയിരുന്നു. സംസ്ഥാന പദ്ധതിയായതിനാൽ കേന്ദ്രാനുമതി വേണ്ടെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനപ്രകാരം സർവേ നടത്തുന്നത് അക്രഡിറ്റഡ് ഏജൻസിയാണെന്നും വ്യക്തമാക്കി. എന്നാൽ മാഹിയിലൂടെ ലൈൻ കടന്നു പോകുന്ന സാഹചര്യത്തിൽ കേന്ദ്രാനുമതി വേണമെന്ന് ഹർജിക്കാരും വാദിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

സർവേ ഇപ്പോൾ നടക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ജിയോ ടാഗ് മുഖേനയാണ് സർവേ നടത്തുന്നതെന്നും ബഹളങ്ങളില്ലാതെ നടക്കുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഇതല്ലേ ആദ്യം മുതലേ പറയുന്നതെന്നു ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് അങ്ങനെയായിരുന്നെങ്കിൽ സർവേ പൂർത്തിയാക്കാൻ കഴിയുമായിരുന്നെന്നും പറഞ്ഞു. തുടർന്ന് ഹർജി ജൂൺ 22 ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week