ഗർഭച്ഛിദ്ര വിഷയത്തിൽ മൗനം; ട്രാൻസ്‌വുമൺ ആരോപണത്തെ ചെറുക്കാൻ ‘ഓഡിയോ’, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ദുര്‍ബല പ്രതിരോധം തകര്‍ന്നപ്പോള്‍

പത്തനംതിട്ട: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, തനിക്കെതിരേ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളോട് എടുക്കുന്ന നിലപാടുകള്‍ രണ്ടുതട്ടില്‍. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

ഞായറാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും ഈ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനു മറുപടി പറയാതെ, ട്രാന്‍സ്‌വുമണ്‍ അവന്തികയുടെ ആരോപണത്തെ ചെറുക്കാനെന്ന മട്ടില്‍ ഒരു ഓഡിയോ പുറത്തുവിട്ട് അത് ചര്‍ച്ചയാക്കാനായിരുന്നു രാഹുലിന്റെ ശ്രമം.

ഗര്‍ഭച്ഛിദ്രവിഷയയുമായി ബന്ധപ്പെട്ട ഓഡിയോയുടെ കുറേക്കുടി ഗുരുതര സ്വഭാവമുള്ള രണ്ടാം ഭാഗം പുറത്തുവന്നതോടെ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

ഓഡിയോ വ്യാജമാണെന്ന് പരാതി കൊടുക്കാനോ, ശബ്ദം തന്റേതല്ലെന്ന് തെളിയിക്കാന്‍ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെടാനോ രാഹുല്‍ തയ്യാറായിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ കേസ് കൊടുക്കാന്‍ പോയാല്‍ അതിനേ സമയം കാണൂവെന്ന നിലപാടാണ് രാഹുലിന്റേത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികദാരിദ്ര്യംപിടിച്ച ആളാണെന്നാണ് അവന്തിക കഴിഞ്ഞദിവസം ആരോപിച്ചത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികവൈകൃതം നിറഞ്ഞ മെസേജുകളാണ് അയച്ചതെന്നും ആരോപിച്ചിരുന്നു.

ഞായറാഴ്ച രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷവും അവന്തിക മാധ്യമങ്ങളോട് പ്രതികരിച്ചു. ”രാഹുല്‍ പുറത്തുവിട്ടത് പഴയ ഓഡിയോക്ലിപ്പാണ്. രാഹുലിനെതിരേ ആരോപണം ഉയരുന്നതിനുമുന്‍പേ, ഓഗസ്റ്റ് ഒന്നിന് സംസാരിച്ചതാണ് അത്. അപ്പോള്‍ പ്രശ്‌നം തുറന്നുസംസാരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല. നടിയുടെ വെളിപ്പെടുത്തലിനുശേഷമാണ് സ്വന്തം അനുഭവം തുറന്നുപറയാന്‍ ധൈര്യം ലഭിച്ചത്. വാനിഷ് മോഡിലാണ് രാഹുല്‍ ടെലിഗ്രാം സന്ദേശം അയക്കുന്നത്. എന്തുകൊണ്ട് ടെലിഗ്രാം ചാറ്റ് രാഹുല്‍ പുറത്തുവിടുന്നില്ല”- അവന്തിക ചോദിച്ചു.

രാഹുലിന്റെ മറുപടി

”അവന്തിക എന്റെ സുഹൃത്താണ്. ഓഗസ്റ്റ് ഒന്നിന് രാത്രി 8.24-നാണ് അവന്തിക വിളിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് രാഹുലില്‍നിന്ന് മോശം അനുഭവം ഉണ്ടായോ എന്ന് ചോദിച്ചതായി പറഞ്ഞു. ചിലര്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പും നല്‍കി. റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോഡിങ് ചോദിച്ചുവാങ്ങി. എന്നോടൊപ്പം നില്‍ക്കുമോ എന്നു ചോദിച്ചപ്പോള്‍ നില്‍ക്കും എന്നാണ് പറഞ്ഞത്. ജീവനു ഭീഷണിയുണ്ടെങ്കില്‍ അവര്‍ എന്നെ വിളിച്ച് എന്തിനാണ് റെക്കോഡിങ് അയച്ചുതരുന്നത്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News