കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ: വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യംചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി ചാല സ്വദേശി കെ.എം.വൈഷ്ണവിനാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് തോട്ടട എസ്എൻജി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെജി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ കത്തി തുളച്ചുകയറിയ നിലയിൽ ആസ്പത്രിയിലെത്തിച്ച വൈഷ്ണവിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എസ്എഫ്ഐ പ്രവർത്തക പുറത്തേക്കിറങ്ങിയപ്പോഴാണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന രണ്ടുപേർ കമന്റടിച്ചത്. ഇതിനെ വൈഷ്ണവ് ചോദ്യംചെയ്തതോടെ ഇരുവരും കൈയിൽ കരുതിയ കത്തികൊണ്ട് വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു.

വയറിനുനേരേ വീശിയ കത്തി തടുത്തപ്പോഴാണ് വൈഷ്ണവിന് കൈയ്ക്കും കാലിനും കുത്തേറ്റത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമിസംഘം നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലാണ് സ്ഥലത്തെത്തിയത്. മയക്കുമരുന്ന് സംഘമാണെന്നാണ് പോലീസിന്റെ നിഗമനം.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.ജേക്കബ്, എടക്കാട് ഇൻസ്പെക്ടർ എം.വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News