കൊച്ചി:തിയേറ്ററുകളിൽ ചിരിമേളം തീർക്കുകയാണ് രോമാഞ്ചം. വലിയ താരങ്ങളൊന്നുമില്ലാതെ പുതുമുഖങ്ങളൊക്കെയൊക്കെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലും പുറത്തും ഹൗസ് ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്.
ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയാണ്. ആദ്യമായി മുഴുനീള വേഷത്തിലെത്തിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ് സിജു. ഇപ്പോഴിതാ, മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സിനിമ കണ്ട ശേഷം സുഹൃത്തുക്കളുടെയൊക്കെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് സിജു.
സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു നടന്ന തനിക്ക് രോമാഞ്ചം സംവിധായകൻ ജിത്തു വച്ച് നീട്ടിയത് ഏറ്റവും വലിയ സമ്മാനമായിരുന്നു എന്നാണ് സിജു പറയുന്നത്. തന്റെ മൂന്നാമത്തെ ചിത്രമാണ് രോമാഞ്ചമെന്ന് സിജു പറഞ്ഞു.
രോമാഞ്ചം ഒരു ഭാഗ്യ ചിത്രം തന്നെയാണ്, ഒരു തുടക്കക്കാരൻ ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലുള്ളവരുമായ ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. പുതിയ സിനിമകളിലേക്ക് വിളിക്കുന്നുണ്ടെന്നും സിജു പറഞ്ഞു.
പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തന്നെ ഓഡിഷനുകൾക്ക് പോകുമായിരുന്നു. പക്ഷേ ഒന്നും വർക്ക് ആയില്ല. എൻജിനീയറിങ് കഴിഞ്ഞപ്പോഴും എന്റെ ലക്‌ഷ്യം സിനിമ തന്നെ ആയിരുന്നു. വീട്ടിൽ നിന്നുള്ള സമ്മർദം കാരണം സൗദിയിലേക്ക് പോയി. അവിടെയെത്തിയിട്ടും ഓഡിഷന് ഫോട്ടോ അയയ്‌ക്കൽ നിർത്തിയില്ല. നാട്ടിൽ അവധിക്ക് വരുമ്പോഴെങ്കിലും സിനിമയിൽ ചാൻസ് കിട്ടിയാലോ എന്നായിരുന്നു ചിന്ത.
എഴുത്തൊക്കെ ഉണ്ടായിരുന്നു, ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥയ്ക്ക് ഒരു നിർമാതാവിനെ കിട്ടിയപ്പോൾ സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. പക്ഷേ ആ സിനിമ നടന്നില്ല. അപ്പോഴാണ് കോവിഡ് വന്നത്. കണ്ടന്റ് എഴുതി ഞാൻ തന്നെ വിഡിയോ ചെയ്തു തുടങ്ങി. അതിൽ ഒരു വിഡിയോ ജിത്തു ചേട്ടൻ കാണാനിടയായി. അങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നതെന്ന് സിജു പറഞ്ഞു.
സംവിധായകൻ വിളിച്ച് കഥ പറഞ്ഞ ശേഷം വൃത്തിയില്ലാത്ത മുകേഷ് എന്ന കഥാപാത്രമാകാൻ വീട്ടിൽ ഷർട്ട് ഇടാതെ നടക്കാൻ പറഞ്ഞെന്ന് സിജു പറയുന്നു. അന്നുമുതൽ ഒരു ഉഴപ്പനായി ജീവിക്കാൻ തുടങ്ങി. മുടി വെട്ടാതെ, നഖം വെട്ടാതെ, ഷർട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടിൽ പോലും എല്ലാവർക്കും വെറുപ്പായി. എനിക്കെന്തെങ്കിലും പറ്റിയതാണോ എന്ന അവരുടെ പേടി കണ്ടിട്ട് സിനിമയ്ക്കാണെന്ന് പറഞ്ഞു.
വീട്ടുകാരോടു മാത്രമേ പറഞ്ഞുള്ളൂ സുഹൃത്തുക്കളോടോ നാട്ടുകാരോടോ പറഞ്ഞില്ല. അവരുടെ വിചാരം എനിക്കെന്തോ കാര്യമായി സംഭവിച്ചു എന്നായിരുന്നുവെന്നും സിജു ഓർത്തു.
അഞ്ചു വർഷം മുൻപ് സൗബിൻ ഇക്ക ചെയ്ത പറവയുടെ ഓഡിഷന് ഞാൻ പോയിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തിരുന്നു. പക്ഷെ ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചില്ല. രോമാഞ്ചത്തിന്റെ ലൊക്കേഷനിൽ വച്ച് യാദൃച്ഛികമായി പടം ഫോണിലെ മെമ്മറിയിൽ വന്നു.
ഞാൻ സൗബിക്കയെ കാണിച്ചു, സൗബിക്കക്ക് അന്നത്തെ കാര്യമൊന്നും ഓർമ്മയില്ല. അദ്ദേഹം ആഹാ കൊള്ളാമല്ലോ എന്ന് പറഞ്ഞു. അർജുനേട്ടനും നല്ല കൂൾ ആയ മനുഷ്യനാണ്. നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാലും കുഴപ്പമില്ല, ഒന്നുകൂടി ചെയ്യാം എന്നൊക്കെ പറഞ്ഞ് സപ്പോർട്ട് ചെയ്യുമായിരുന്നു.
എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സിനിമ കണ്ടു ബന്ധുക്കൾ സിനിമ കണ്ടിട്ട് അയച്ച ശബ്ദ സന്ദേശങ്ങൾ അമ്മ എനിക്ക് അയച്ചു തരാറുണ്ട്. എന്റെ പപ്പയുടെ ബന്ധത്തിലെ ഒരു അമ്മച്ചി എന്റെ പടം കാണാൻ പോയി, അമ്മച്ചി അങ്ങനെ പടമൊന്നും കാണുന്ന ആളല്ല.
പടം കണ്ടിട്ട് അമ്മച്ചി എന്റെ മമ്മിയെ വിളിച്ചു പറഞ്ഞു, ‘എടി മേഴ്‌സി അവന് അവർ ഒരു ഷർട്ട് പോലും കൊടുത്തില്ല, അവനെ അവര്‍ എപ്പോഴും ഒരു കക്കൂസിൽ കിടത്തിയിരിക്കുവാ, അത് കണ്ടിട്ട് കുറേപേർ ഇരുന്നു കയ്യടിച്ച് ചിരിക്കുന്നു,’ എന്ന്.
അവരുടെ മനസ്സിൽ അവരുടെ കൊച്ചുമോനെ വളരെ മോശമായി എല്ലാവരും കാണുന്നു എന്നാണ് തോന്നിയത്. അപ്പൊ എന്റെ മമ്മി പറഞ്ഞു, ‘അങ്ങനെ അല്ല അമ്മച്ചി അവന്റെ സിനിമയിലെ റോള് അങ്ങനെ ആണ്’. അമ്മച്ചിക്ക് അത്രയും വെറുപ്പ് തോന്നിയെങ്കിൽ എന്റെ കഥാപാത്രം വിജയിച്ചു എന്നാണ് തോന്നുന്നതെന്ന് സിജു പറഞ്ഞു.