ന്യൂഡൽഹി: കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ച കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും സന്ദേഹങ്ങൾക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
ആദ്യ രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിർദേശത്തോടെയാണ് കോൺഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
മുൻ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് സിദ്ധരമായ്യ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. ഡി.കെ.ശിവകുമാറും രാഹുലുമായി ഇന്ന് ചർച്ച നടത്തും. ഡി.കെ.ശിവകുമാർ മന്ത്രിസഭയുടെ ഭാഗമാകുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതൽ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്.ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾക്കാണ് വിജയിച്ചത്.
224 അംഗ കർണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്.