‘രാഷ്ട്രീയം പൂർണമായി ദുഷിച്ചു’ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂർണമായി ദുഷിച്ചുവെന്ന് പറഞ്ഞ അദ്ദേഹം 2028-ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വ്യക്തമാക്കി. എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറിയതിന് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

'എനിക്ക് ഇപ്പോൾ 79 വയസായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. അപ്പോഴേക്ക് എനിക്ക് 81-82 വയസാകും. ഞാൻ പഴയതുപോലെ ആരോഗ്യവാനല്ല. മുമ്പത്തേത് പോലെ ആവേശത്തോടെ പ്രവർത്തിക്കാൻ ഇനി കഴിയില്ല. ഇന്ന്, രാഷ്ട്രീയരംഗം ആകെ ദുഷിച്ചുപോയി. അതിനാൽ 2028-ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാലും രാഷ്ട്രീയത്തിൽ സജീവമായി തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരുടെ ശബ്ദമായി ഞാൻ നിലകൊള്ളും.' -സിദ്ധരാമയ്യ പറഞ്ഞു.

'തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് പണം നൽകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇന്നത്തെ രാഷ്ട്രീയം പൂർണമായി ദുഷിച്ചിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലാതായി. ഈ സാഹചര്യത്തിലാണ് ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തീരുമാനത്തിലേക്ക് ഞാനെത്തിയത്.'

'2028-ൽ എനിക്ക് 82 വയസാകും. അന്ന് എന്റെ രാഷ്ട്രീയജീവിതത്തിന് 50 വർഷം തികയും. 1978-ൽ താലൂക്ക് ബോർഡ് അംഗമായാണ് എന്റെ രാഷ്ട്രീയജീവിതം ഞാൻ തുടങ്ങിയത്. വിജയങ്ങളും പരാജയങ്ങളും കണ്ടയാളാണ് ഞാൻ. എന്നാൽ ഞാൻ വിശ്വസിച്ച തത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ചിട്ടില്ല എന്നതും മനസാക്ഷിയെ വഞ്ചിച്ചിട്ടില്ല എന്നതും എനിക്ക് സംതൃപ്തി നൽകുന്നു. അഞ്ച് പതിറ്റാണ്ടായി കർണാടകയിലെ ജനങ്ങൾ എന്നെ അവരിലൊരാളായി കണ്ടു, സ്‌നേഹത്തോടെ എന്നെ നയിച്ചു. ആ കടം എന്റെമേലുണ്ട്. അതിനാൽ തന്നെ എന്റെ ഭാവിജീവിതവും പൊതുപ്രവർത്തനത്തിനായി സമർപ്പിക്കും.' -സിദ്ധരാമയ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News