കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി പദ്ധതിയില്‍ വന്‍ ടിക്കറ്റ് തട്ടിപ്പ്: പുരുഷന്മാര്‍ക്ക് നല്‍കിയത് സീറോ വാല്യൂ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ്

കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി പദ്ധതിയില്‍ വന്‍ ടിക്കറ്റ് തട്ടിപ്പ്: പുരുഷന്മാര്‍ക്ക് നല്‍കിയത് സീറോ വാല്യൂ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ്; തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ആണ്‍യാത്രക്കാരില്‍ നിന്ന് പൂര്‍ണമായ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷം ഇവര്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള 'സീറോ വാല്യൂ' ടിക്കറ്റുകള്‍ നല്‍കി പണം സ്വന്തം പോക്കറ്റിലാക്കിയ മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് വിജിലന്‍സ് വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ബസുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറും തട്ടിപ്പില്‍ പിടിയിലായിട്ടുണ്ട്. ഈ ബസില്‍ നടത്തിയ പരിശോധനയില്‍ 18 രൂപയുടെ ടിക്കറ്റ് നിരക്ക് വാങ്ങിയ ശേഷം ആണ്‍യാത്രക്കാരന് നല്‍കിയത് പ്രിയദര്‍ശിനി പദ്ധതിയുടെ സീറോ വാല്യൂ ടിക്കറ്റാണെന്ന് തെളിഞ്ഞു.

കണ്ടക്ടറുടെ ഔദ്യോഗിക കാഷ് ബാഗ് പരിശോധിച്ചപ്പോള്‍ കണക്കില്‍പ്പെടാത്ത 40 രൂപ അധികമായി കണ്ടെത്തി. ഇതോടെയാണ് യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷം സീറോ വാല്യൂ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്ന തട്ടിപ്പ് രീതി പുറത്തായത്.

പ്രിയദര്‍ശിനി പദ്ധതിയിലെ ഇത്തരം അഴിമതികള്‍ മൂലം സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സി.ക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനുപുറമെ, ഇത്തരത്തില്‍ കൃത്രിമമായി ടിക്കറ്റ് കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാര്‍ അനധികൃതമായി പ്രതിദിന ബത്ത തട്ടിയെടുക്കുന്നതായും ഗുരുതരമായ ആരോപണമുണ്ട്.

ദിവസേന 14,000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ കാണിച്ചാല്‍ ഒരു ശതമാനം വീതം അധിക ബത്ത ലഭിക്കും. ഇതുമുതലാക്കി പ്രതിദിനം 20,000 രൂപയ്ക്ക് മുകളില്‍ വ്യാജ കളക്ഷന്‍ രേഖപ്പെടുത്തി 200 രൂപയോളം കണ്ടക്ടര്‍മാര്‍ ബത്തയിനത്തില്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ അഭിമാന പദ്ധതിയാണ് പ്രിയദര്‍ശിനി. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി ഉള്‍പ്പെടെയുള്ള 3,125 ഓര്‍ഡിനറി സര്‍വീസുകളിലാണ് നിലവില്‍ ഈ സൗജന്യ സേവനം ലഭ്യമാക്കുന്നത്.

പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയിലൂടെ യാത്ര ചെയ്യുന്നത്. എന്നാല്‍ പാവപ്പെട്ട സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട ഇത്തരം ക്ഷേമപദ്ധതികളുടെ മറവില്‍ ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News