മൂവാറ്റുപുഴ: മുന്‍പ് നല്‍കിയ പീഡനപരാതിയുടെ വൈരാഗ്യത്തില്‍ യുവതിക്കെതിരെ എട്ടുവയസ്സുകാരന്റെ അമ്മ കെട്ടിച്ചമച്ച വ്യാജ പോക്സോ കേസില്‍ നടപടികള്‍ അവസാനിപ്പിച്ച് കോടതി. 21-കാരി മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീറാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം വിചാരണഘട്ടത്തിലെത്തിയ ഒരു കേസ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞ് പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നത് എറണാകുളം ജില്ലയില്‍ ആദ്യത്തെ സംഭവമാണ്. പകപോക്കലിനായി കൊച്ചുകുട്ടികളെ മറയാക്കി വ്യാജ കേസുകള്‍ ചമയ്ക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ വിധി.
2021 ഏപ്രില്‍ 15 മുതല്‍ മേയ് ഒന്നുവരെയുള്ള സമയളവില്‍ 21 വയസ്സുള്ള യുവതി തന്റെ എട്ടുവയസ്സുകാരനായ മകനെ പീഡിപ്പിച്ചു എന്നാരോപിച്ച് 2022 സെപ്റ്റംബര്‍ നാലിനാണ് ഉരുളന്‍തണ്ണി സ്വദേശിനിയായ സ്ത്രീ കുട്ടംപുഴ പോലീസിനെ സമീപിക്കുന്നത്. പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് പ്രാഥമിക കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് നടന്ന സമഗ്രമായ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്.
തന്റെ ഉറ്റബന്ധുവിനെതിരെ മുന്‍പ് ഇതേ യുവതി ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയായ ആ കേസില്‍ യുവാവിനെ കോടതി ശിക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ കടുത്ത വൈരാഗ്യവും പ്രതികാര ബുദ്ധിയുമാണ് യുവതിയെ തിരികെ പോക്സോ കേസില്‍ കുടുക്കാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്ന് പോലീസ് നിരീക്ഷണത്തില്‍ തെളിഞ്ഞു.
കുട്ടിയുടെയും അമ്മയുടെയും പ്രാഥമിക മൊഴികളില്‍ കണ്ട ഗുരുതരമായ പൊരുത്തക്കേടുകളാണ് പോലീസിന് ആദ്യം സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പരാതിയില്‍ പറഞ്ഞ തീയതികളില്‍ കുറ്റാരോപിതയായ യുവതി ഈ പ്രദേശത്തുപോലും എത്തിയിട്ടില്ലെന്ന് വ്യക്തമായി. മാത്രമല്ല, പീഡനം നടന്നതായി ആരോപിച്ച വീട്ടിലല്ല കുടുംബം അക്കാലയളവില്‍ താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം നേരിട്ടെത്തി ബോധ്യപ്പെട്ടു.
പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ ശാസ്ത്രീയ ഫോണ്‍ രേഖകളുടെ വിശകലനത്തില്‍ കേസിന്റെ യഥാര്‍ത്ഥ ഗൂഢാലോചന വെളിച്ചത്തുവന്നു. ശിക്ഷിക്കപ്പെട്ട യുവാവും പരാതിക്കാരിയായ അമ്മയും തമ്മില്‍ പതിവായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും, യുവതിയെ കേസില്‍ കുടുക്കാന്‍ ഇരുവരും ചേര്‍ന്ന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നും തെളിഞ്ഞു.
സ്വന്തം മകനെ വ്യാജ കേസിനായി കരുവാക്കിയ അമ്മയുടെയും കൂട്ടാളിയുടെയും നീക്കങ്ങളെ തകര്‍ത്ത കുട്ടംപുഴ പോലീസ്, യുവതി പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേസ് റദ്ദാക്കാന്‍ പോക്സോ കോടതിയില്‍ അന്തിമ അപേക്ഷ നല്‍കി. പോലീസിന്റെ ഈ റിപ്പോര്‍ട്ട് തള്ളാതെ സ്വീകരിച്ച കോടതി, യുവതിക്കെതിരെയുള്ള എല്ലാ വിചാരണ നടപടികളും പൂര്‍ണ്ണമായി അവസാനിപ്പിച്ചു.


